അസമിൽ ബിജെപിക്ക് തിരിച്ചടി: മന്ത്രി നന്ദിത ഗോർലോസ കോൺഗ്രസിൽ ചേർന്നു
അസമിലെ കായിക യുവജനക്ഷേമ മന്ത്രിയാണ് നന്ദിത

- Published:
23 March 2026 7:59 AM IST

ഗുവഹാത്തി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അസമിൽ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി. പ്രമുഖ നേതാവും സംസ്ഥാന മന്ത്രിയുമായ നന്ദിത ഗോർലോസ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. ഞായറാഴ്ചയായിരുന്നു നന്ദിതയുടെ പാർട്ടി മാറ്റം. തെരഞ്ഞെടുപ്പിൽ മലയോര ജില്ലയായ ദിമ ഹസാവുവിലെ ഹാഫ്ലോംഗ് മണ്ഡലത്തിൽ നിന്ന് നന്ദിത കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടും. അസമിലെ കായിക യുവജനക്ഷേമ മന്ത്രിയാണ് നന്ദിത.
നേരത്തെ ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന നിർമ്മൽ ലാങ്‌താസ, നന്ദിതയ്ക്ക് വേണ്ടി സ്വയം വഴിമാറിക്കൊടുക്കുകയായിരുന്നു. ബിജെപി ഈ മണ്ഡലത്തിൽ രൂപാലി ലാങ്‌താസയെ ആണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി ദിമ ഹസാവുവിന്റെ ശബ്ദമാണ് നന്ദിതതയെന്നും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന നന്ദിതയെ കൈവിടില്ലെന്നും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് വ്യക്തമാക്കി. ഗോത്രവർഗക്കാരുടെ ഭൂമി വൻകിട കോർപ്പറേറ്റുകൾക്ക് വിൽക്കാനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശ്രമിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
തിങ്കളാഴ്ച നന്ദിതയെ ഹാഫ്ലോംഗ് മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കും. പിസിസി ജനറൽ സെക്രട്ടറി കൂടിയായ നിർമ്മൽ ലാങ്‌താസയുടെ സാന്നിധ്യത്തിലാണ് നന്ദിത അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സിറ്റിംഗ് മന്ത്രി തന്നെ കൂടുമാറിയത് തെരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സംസ്ഥാന മുന്‍ അധ്യക്ഷനും എംപിയുമുള്‍പ്പെടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു.
Adjust Story Font
16
