Quantcast

അസമിൽ വീണ്ടും ബുൾഡോസർ രാജ്: 1983 കലാപത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട 132 ബംഗാളി മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ തകർത്തു

മുസ്‌ലിം വീടുകൾ മാത്രം തിരഞ്ഞുപിടിച്ച് തകർക്കുകയായിരുന്നുവെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ ആരോപിച്ചു

MediaOne Logo
അസമിൽ വീണ്ടും ബുൾഡോസർ രാജ്: 1983 കലാപത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട 132 ബംഗാളി മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ തകർത്തു
X

ലഖിംപുർ (അസം): അസമിലെ ലഖിംപുർ ജില്ലയിൽ 1983-ലെ കലാപത്തെത്തുടർന്ന് സർക്കാർ ഭൂമിയിൽ പുനരധിവസിപ്പിക്കപ്പെട്ട 132 ബംഗാളി മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. വെള്ളിയാഴ്ച ബോഗിനദിയിലായിരുന്നു ഒഴിപ്പിക്കൽ നടപടി. സമീപത്തുള്ള ഹിന്ദു കുടുംബങ്ങളുടെ വീടുകൾ ഒഴിവാക്കി മുസ്‌ലിം വീടുകൾ മാത്രം തിരഞ്ഞുപിടിച്ച് തകർക്കുകയായിരുന്നുവെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ ആരോപിച്ചു.

ലഖിംപുരിലെ കദം റവന്യൂ സർക്കിളിന് കീഴിലുള്ള 622.4 ഏക്കർ മേച്ചിൽപ്പുറത്തിന്റെ ഭാഗമായ ഏകദേശം 9.9 ഏക്കർ ഭൂമിയിലെ വീടുകളാണ് വെള്ളിയാഴ്ച തകർത്തതെന്ന് റൈജോർ ദൾ നേതാവ് അസീസുർ റഹ്മാൻ പറഞ്ഞു. ''1983-ലെ കലാപത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ബംഗാളി മുസ്‌ലിം കുടുംബങ്ങളെ അസം സർക്കാർ തന്നെയാണ് ഈ ഭൂമിയിൽ താമസിപ്പിച്ചത്. ഇവിടെ റോഡുകളും സ്‌കൂളുകളും നിർമിക്കുകയും വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുകയും ചെയ്തിരുന്നു. അതിനാൽ ഭൂമിയിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്''- അസീസുർ റഹ്മാൻ വ്യക്തമാക്കി. ഇതേ മേച്ചിൽപ്പുറത്തിന്റെ ഭാഗമായ 595 ഏക്കർ ഭൂമിയിൽ താമസിക്കുന്ന ഹിന്ദു വിഭാഗക്കാരുടെ വീടുകൾ തകർക്കാതെ മുസ്‌ലിം കുടുംബങ്ങളെ മാത്രം ഒഴിപ്പിച്ചത് പക്ഷപാതപരമാണെന്നും ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ വ്യക്തമായ ലംഘനമാണിതെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ കുടുംബത്തിന്റെ രണ്ട് വീടുകൾ വെള്ളിയാഴ്ച തകർത്തതായും എന്നാൽ തൊട്ടടുത്തുള്ള ഹിന്ദു അയൽക്കാരുടെ വീടുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും 50-കാരനായ മുഹമ്മദ് തുഷാൻ അലി പറഞ്ഞു. ബാർപേട്ടയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ശേഷം 1985 മുതൽ ഈ ഭൂമിയിൽ താമസിച്ചുവരികയായിരുന്നു അലിയും കുടുംബവും. മുസ്‌ലിം വീടുകളെയാണ് ലക്ഷ്യമിട്ടത്. തങ്ങൾ ഇപ്പോൾ നദീതീരത്താണ് കഴിയുന്നത്. ഇവിടെ നിന്നും പൊലീസ് ഓടിക്കുകയാണെന്നും തുഷാൻ അലി പറഞ്ഞു. സംഭവത്തിൽ പ്രതികരണം തേടി ലഖിംപുർ ജില്ലാ കലക്ടർക്ക് 'സ്‌ക്രോൾ' കത്തയച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണമെന്നാവശ്യപ്പെട്ട് 1979-ൽ ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച അസം പ്രക്ഷോഭത്തിനിടെയാണ് 1983-ൽ സംസ്ഥാനത്ത് വ്യാപകമായ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബംഗ്ലാദേശികൾ എന്ന് ആരോപിച്ച് ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നേരെയായിരുന്നു പ്രക്ഷോഭം പലപ്പോഴും തിരിഞ്ഞത്.1983 ഫെബ്രുവരിയിൽ ആസുവിന്റെയും ഓൾ അസം ഗണ സംഗ്രാം പരിഷത്തിന്റെയും എതിർപ്പ് അവഗണിച്ച് കേന്ദ്ര സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംഘർഷം രൂക്ഷമായി. തുടർന്നുണ്ടായ കലാപത്തിൽ ബ്രഹ്മപുത്ര താഴ്‌വരയിലുടനീളം ആയിരക്കണക്കിന് ആളുകളാണ് ഭവനരഹിതരായത്.

കഴിഞ്ഞ ഒരു മാസത്തിനിടെ അസം സർക്കാർ 1,900-ലധികം മുസ്‌ലിം കുടുംബങ്ങളെയാണ് വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്.നവംബർ ഒന്നിന് ധുബ്രി ജില്ലയിലെ ആലംഗഞ്ച് പാർട്ട്-9 വില്ലേജിൽ 650 ബിഗ സർക്കാർ ഭൂമിയിലുണ്ടായിരുന്ന 640-ലധികം ബംഗാളി മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ തകർത്തു. ഒക്ടോബർ 18-ന് നാഗോൺ, ഹോജായ്, ഗോലാഘട്ട് ജില്ലകളിലായി നടന്ന രണ്ട് ദിവസത്തെ നടപടിയിൽ 1,100-ലധികം മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു. സംസ്ഥാന റവന്യൂ-ദുരന്തനിവാരണ വകുപ്പിൽ നിന്നും ജില്ലാ അധികൃതരിൽ നിന്നും ശേഖരിച്ച കണക്കുകൾ പ്രകാരം, അസമിൽ ബിജെപി ഭരണത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 19,000 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും മുസ്‌ലിം കുടുംബങ്ങളാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

TAGS :

Next Story