അസമിലെ കുടിയൊഴിപ്പിക്കൽ: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് വിലയിരുത്തൽ
''ഗൗരവ് ഗൊഗോയ് എംപിയായി വിജയിക്കുകയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുകയും ചെയ്തതോടെ അപ്പര്‍ അസമില്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് ബിജെപി കരുതുന്നു''

ഗുവാഹത്തി: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പുതിയ 'നരേറ്റീവ്' സൃഷ്ടിക്കാനാണ് കയ്യേറ്റമെന്ന് ആരോപിച്ച് നിരവധി വീടുകള്‍ പൊളിച്ചുനീക്കുന്നതെന്ന് വിലയിരുത്തല്‍.
ഈ വർഷം ജൂൺ മുതൽ സംസ്ഥാന സർക്കാർ നിരവധി കുടിയൊഴിപ്പിക്കൽ നടപടികളാണ് നടത്തിയിട്ടുള്ളത്. ആയിരക്കണക്കിന് ആളുകളെയാണ് ഇറക്കിവിട്ടത്.
അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലല്ല സര്‍ക്കാറിന്റെ ലക്ഷ്യം. മറിച്ച് അപ്പർ അസമിൽ ഒരു അജണ്ട സെറ്റ് ചെയ്യുകയാണെന്ന് പറയുകയാണ് പ്രശസ്ത ന്യൂറോ സർജൻ നവനിൽ ബറുവ.
''കഴിഞ്ഞ വർഷം ഗൗരവ് ഗൊഗോയ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിതനാകുകയും ചെയ്തതിനുശേഷം, അപ്പർ അസം ജില്ലകളിൽ 'ഗൗരവ് അനുകൂല തരംഗം' ഉണ്ടായിട്ടുണ്ട്. ഇതിനെതിരായ നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ നവനിൽ ബറുവ പിടിഐയോട് വ്യക്തമാക്കുന്നത്.
ഭരണകക്ഷിയായ ബിജെപി, ഈ കുടിയൊഴിപ്പിക്കൽ നീക്കങ്ങളിലൂടെ ഹിന്ദു-മുസ്‌ലിം ആഖ്യാനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ചില പ്രാദേശിക സംഘടനകൾ ഇതിനകം തന്നെ 'മിയ വിരുദ്ധ' പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 തെരഞ്ഞെടുപ്പിന് ശേഷം അത് അവസാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും നവനിൽ ബറുവ കൂട്ടിച്ചേര്‍ത്തു.
റെങ്മ റിസർവ് വനത്തില്‍ അടുത്തിടെ നടന്ന വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ നടപടികള്‍ വനം സംരക്ഷിക്കാനുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കുപരി മറ്റുപല കാരണങ്ങളുമുണ്ടെന്ന് പറയുകയാണ് ഹാൻഡിക് ഗേൾസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ (പൊളിറ്റിക്കൽ സയൻസ്) പല്ലവി ദേക . മതിയായ പുനരധിവാസമൊന്നുമില്ലാതെയാണ് അവരെ കുടിയൊഴിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അനധികൃത കയ്യേറ്റക്കാരിൽ നിന്ന് തദ്ദേശീയ ഗോത്രവർഗ്ഗക്കാരെ രക്ഷിക്കാനെന്ന് ഭരണകക്ഷിക്കാരുടെ ആഖ്യാനം തികഞ്ഞ വര്‍ഗീയ ധ്രുവീകരണത്തിലേക്കാണ് കൊണ്ടെത്തിക്കുക എന്നും പല്ലവി ദേക ചൂണ്ടിക്കാണിക്കുന്നു. പുറത്തുനിന്നുള്ളവരാണ് അതായത് മുസ് ലിംകളാണ് ഇവിടെ കയ്യേറ്റം നടത്തുന്നതെന്നാണ് ബിജെപിക്കാരുടെ ആഖ്യാനം. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും സമാന രീതിയിലുള്ള പ്രസ്താവനയാണ് നടത്തിയതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ, ഗോലാഘട്ട് ജില്ലയിലെ റെങ്‌മ റിസർവ് ഫോറസ്റ്റ്, നമ്പോർ സൗത്ത് റിസർവ് ഫോറസ്റ്റ്, ഡോയാങ് റിസർവ് ഫോറസ്റ്റ്, ലഖിംപൂരിലെ വില്ലേജ് ഗ്രേസിംഗ് റിസർവ് എന്നിവിടങ്ങളിൽ നിന്ന് 1,400 ഹെക്ടറിലധികം കൈയേറ്റങ്ങളാണ് അനധികൃതമെന്നാരോപിച്ച് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. ഏകദേശം 2,200 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അവരിൽ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്.
Adjust Story Font
16

