അർധരാത്രി കൈവണ്ടിയുമായി എത്തി,എടിഎം മെഷീൻ അഴിച്ചെടുത്ത് മുങ്ങി; മൂന്ന് പേര്‍ക്കായി തിരച്ചിൽ
രണ്ടാഴ് മുമ്പാണ് ബംഗളൂരുവിനെ ഞെട്ടിച്ച 7.11 കോടിയുടെ എടിഎം കവർച്ച നടന്നത്

AI create image
ബെലഗാവി: ബംഗളൂരുവിൽ എടിഎം മെഷീൻ മുഴുവനായി അഴിച്ചെടുത്ത് മോഷ്ടാക്കൾ. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബെലഗാവി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ദേശീയപാത-48 ലെ ഹൊസ വന്താമുറി ഗ്രാമത്തിൽ അർധ രാത്രിയാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, അജ്ഞാതരായ മൂന്ന് പേർ ഒരു കൈവണ്ടിയുമായി എടിഎം കിയോസ്‌ക് തകർക്കുകയായിരുന്നു. അലാറം മുഴങ്ങുന്നത് ഒഴിവാക്കാൻ സെൻസറുകളിൽ കറുത്ത പെയിന്റ് തളിച്ചു. അലാറം പ്രവർത്തന രഹിതമായതോടെ സംഘം എടിഎം മെഷീൻ പൊളിച്ചുമാറ്റുകയും ഇത് പുറത്തുണ്ടായിരുന്ന കൈവണ്ടിയിൽ കയറ്റുകയും ചെയ്തു. മെഷീനുമായി ഏകദേശം 200 മീറ്റർ ദൂരത്തേക്ക് കൈവണ്ടിയുമായി പോകുകയും അവിടെ കാത്തിരുന്ന വാഹനത്തിലേക്ക് മെഷീൻ കയറ്റി രക്ഷപ്പെടുകയും ചെയ്തു.
കവർച്ച നടന്ന സമയത്ത് എടിഎമ്മിൽ ഒരു ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നതായാണ് ബാങ്ക് അധികൃതർ നൽകുന്ന വിവരം. മോഷണവിവരം അറിഞ്ഞ കകാട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിന് പിന്നാലെ മേഖലയിലെ റോഡരികിലെ എടിഎം കിയോസ്‌കുകളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. എടിഎം കിയോസ്‌കുകളുടെ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
രണ്ടാഴ് മുമ്പാണ് ബംഗളൂരുവിനെ ഞെട്ടിച്ച മറ്റൊരു കവർച്ച നടന്നത്. എടിഎമ്മിൽ നിറക്കാറായി പണവുമായി പോകുകയായിരുന്ന വാൻ കൊള്ളയടിക്കുകയായിരുന്നു. ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ഒമ്പത് പേർ സംഭവത്തിൽ അറസ്റ്റിലായിരുന്നു. 7.11 കോടി രൂപയായിരുന്നു അന്ന് തട്ടിയെടുത്തത്. ഇതിൽ 98.6 ശതമാനവും ബെംഗളൂരു സിറ്റി പൊലീസ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

