Quantcast

ലേല പദ്ധതി ഉപേക്ഷിച്ചു; കാഞ്ച ഗച്ചിബൗളി ഇക്കോ പാര്‍ക്കായി മാറും

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ 2000 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമി ഇക്കോ പാര്‍ക്കാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി

MediaOne Logo

Web Desk

  • Published:

    5 April 2025 4:14 PM IST

ലേല പദ്ധതി ഉപേക്ഷിച്ചു; കാഞ്ച ഗച്ചിബൗളി ഇക്കോ പാര്‍ക്കായി മാറും
X

ഹൈദരാബാദ്: വിദ്യാര്‍ഥികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഹൈദരബാദിലെ കാഞ്ച ഗച്ചിബൗളിലെ 400 ഏക്കര്‍ ഭൂമി ലേലം ചെയ്യാനുള്ള പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ 2000 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമി ഇക്കോ പാര്‍ക്കാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിച്ച് ഐടി പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിഷേധത്തിലായിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെങ്കിലും സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി താത്കാലിക സ്റ്റേ പുറപ്പെടുവിക്കുകയും നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മരം മുറിക്കല്‍ ശ്രദ്ധയില്‍പ്പെട്ട സുപ്രിംകോടതി ഇത് നിര്‍ത്തിയെന്ന് ഉറപ്പാക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നേരത്തെ തെലങ്കാന ഹൈക്കോടതിയും മരം മുറിക്കല്‍ ഏപ്രില്‍ മൂന്ന് വരെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയുടെ ഉത്തരവ് വന്നത്.

സുപ്രിംകോടതിയുടെ സ്റ്റേക്ക് പിന്നാലെയാണ് പ്രദേശത്തെ ലോകത്തിലെ ഏറ്റവും വലിയ ഇക്കോ പാര്‍ക്കുകളില്‍ ഒന്നായി മാറ്റാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. പദ്ധതി പ്രകാരം 100 ഏക്കര്‍ സ്ഥലം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയ്ക്ക് നഷ്ടപരിഹാരമായി നല്‍കുമെന്നും പുതിയ ക്യാമ്പസ് നിര്‍മിക്കാന്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മണ്ണിന്റെ തരങ്ങളും ജൈവവൈവിധ്യവും പഠിക്കുക, വന്യജീവി സംരക്ഷണ മേഖലകള്‍ സ്ഥാപിക്കുക, വൈവിധ്യമാര്‍ന്ന വൃക്ഷ ഇനങ്ങള്‍ നടുക, നടപ്പാതകള്‍, സൈക്ലിങ് ട്രാക്കുകള്‍, പരിസ്ഥിതി സൗഹൃദ സന്ദര്‍ശക ഇടങ്ങള്‍ സ്ഥാപിക്കുക തുടങ്ങി നിരവധി പദ്ധതികളോടെയാണ് ഇക്കോ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുന്നത്.

TAGS :

Next Story