Quantcast

തുടർച്ചയായ ഏഴാം വർഷവും ശ്രീനഗർ ജമാ മസ്ജിദിൽ ഈദ് പ്രാർത്ഥനക്ക് അനുവാദം നിഷേധിച്ച് അധികൃതർ

പള്ളിയിൽ പ്രസംഗിക്കുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന മിർവൈസ് ഉമർ ഫാറൂഖിനെ ഇത്തവണയും വീട്ടുതടങ്കലിലാക്കി

MediaOne Logo

Web Desk

  • Published:

    8 Jun 2025 1:17 PM IST

തുടർച്ചയായ ഏഴാം വർഷവും ശ്രീനഗർ ജമാ മസ്ജിദിൽ ഈദ് പ്രാർത്ഥനക്ക് അനുവാദം നിഷേധിച്ച് അധികൃതർ
X

ജമ്മു കശ്മീർ: ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിൽ തുടർച്ചയായ ഏഴാം വർഷവും മുസ്‌ലിംകൾക്ക് ഈദ് പ്രാർത്ഥനകൾ നടത്താൻ അനുവാദം നിഷേധിച്ച് അധികൃതർ. പള്ളിയിൽ പ്രസംഗിക്കുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന മിർവൈസ് ഉമർ ഫാറൂഖിനെ ഇത്തവണയും വീട്ടുതടങ്കലിലാക്കി. 2019 മുതൽ ഈദ് പ്രാർത്ഥനയ്ക്കായി ജമാ മസ്ജിദ് തുടർച്ചയായി അടച്ചിട്ടിരിക്കുകയാണ്.

'ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന അവരുടെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ അവസരത്തിൽ പോലും പ്രാർത്ഥിക്കാനുള്ള അവരുടെ മൗലികാവകാശം നിഷേധിക്കപ്പെടുന്നു!' മിർവൈസ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. തന്റെ വീടിന് പുറത്ത് കാവൽനിൽകുന്ന പൊലീസിന്റെ ഫോട്ടോകൾ കൂടെ അദ്ദേഹം പങ്കുവെച്ചു. ഇത് അദ്ദേഹത്തിന്റെ വീട്ടുതടങ്കൽ സ്ഥിരീകരിക്കുന്നു. വെള്ളിയാഴ്ച ശ്രീനഗറിലെ അഞ്ജുമാൻ ഔഖാഫ് ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിൽ ഈദുൽ അദ്ഹ നമസ്കാരം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അധികൃതർ വീണ്ടും അനുമതി നിരസിച്ചു.

ഈ വർഷം ആദ്യം മാർച്ച് 31ന് ഈദുൽ ഫിത്തർ ദിനത്തിലും അധികാരികൾ പള്ളി പൂട്ടിയിരുന്നു. അന്നും മിർവൈസിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. വെള്ളിയാഴ്ചകൾ, ശബ്-ഇ-ഖദ്ർ, ജുമുഅത്തുൽ-വിദ തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങളിൽ അധികാരികൾ പള്ളി അടച്ചിടുന്നത് പതിവാണ്.

TAGS :

Next Story