'ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം': പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം
തെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ പോസ്റ്റുകളും സൂക്ഷ്മമായി നിരീക്ഷിക്കമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു

- Published:
14 Jan 2026 5:18 PM IST

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം രൂക്ഷമാകവെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
നേരത്തെയും വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യന്‍ വംശജരും ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുകയും തെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ വാർത്തകളും വെബ്‌സൈറ്റും സോഷ്യൽ മീഡിയ പോസ്റ്റുകളും സൂക്ഷ്മമായി നിരീക്ഷിക്കമെന്നും ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ അഞ്ചിനായിരുന്നു ഇങ്ങനെയൊരു അറിയിപ്പ്.
ഇറാനിൽ താമസ വിസയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ, ഇതിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. 2022ന് ശേഷം ഇറാൻ വീണ്ടും വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളുമാണ് പ്രകോപനത്തിന് മുഖ്യ കാരണം. അതേസമയം ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2400 കടന്നതായാണ് റിപ്പോർട്ട്.
ഇറാനിൽ നേരിട്ട് സൈനിക ആക്രമണം നടത്തണമോ എന്ന കാര്യത്തിൽ അമേരിക്കയ്ക്ക് ഇപ്പോഴും തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. നേരിട്ട് ഇറാനിൽ സൈനികമായി ഇടപെടുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം. അമേരിക്കയെ ദീർഘകാല യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതാകും നടപടിയെന്നാണ് രാഷ്ട്രീയ ഉപദേഷ്ടാക്കൾ ട്രംപിനോട് പറയുന്നത്. ഇതിനിടെ ഇറാനിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭരണകൂടം നേരിയ ഇളവുകൾ പ്രഖ്യാപിച്ചു.
Adjust Story Font
16
