Quantcast

ഒരു കോടി നഷ്ടപരിഹാരം വേണം; പവര്‍ സോപ്പിനെതിരായ തമന്നയുടെ ഹരജി തള്ളി, എന്താണ് നടിയും സോപ്പ് കമ്പനിയും തമ്മിലുള്ള തര്‍ക്കം

കരാർ കാലാവധിക്ക് ശേഷം കമ്പനി ചിത്രങ്ങൾ ഉപയോഗിച്ചു എന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാൻ നടിക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു

MediaOne Logo
ഒരു കോടി നഷ്ടപരിഹാരം വേണം; പവര്‍ സോപ്പിനെതിരായ തമന്നയുടെ ഹരജി തള്ളി, എന്താണ്  നടിയും സോപ്പ് കമ്പനിയും തമ്മിലുള്ള തര്‍ക്കം
X

ചെന്നൈ: പവര്‍ സോപ്സ് എന്ന സോപ്പ് കമ്പനിക്കെതിരെ നടി തമന്ന ഭാട്ടിയ സമര്‍പ്പിച്ച അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. തന്‍റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തമന്ന പ്രമുഖ സോപ്പ് നിര്‍മാണ കമ്പനിക്കെതിരെ ഹരജി നൽകിയത്.

എന്താണ് തമന്നയും സോപ്പ് കമ്പനിയും തമ്മിലുള്ള തര്‍ക്കം

2008-ലാണ് തമന്ന പവർ സോപ്‌സിന്റെ ബ്രാൻഡ് അംബാസഡറായി കരാറിൽ ഒപ്പിട്ടത്. ഒരു വർഷത്തേക്കായിരുന്നു ഈ കരാർ. കരാർ കാലാവധി കഴിഞ്ഞിട്ടും (2010-11 കാലഘട്ടത്തിൽ) തന്‍റെ ചിത്രങ്ങളും വീഡിയോകളും സോപ്പ് കവറുകളിലും പരസ്യങ്ങളിലും കമ്പനി അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് തമന്ന ആരോപിച്ചു. ഇത് തന്‍റെ മറ്റ് ബ്രാൻഡ് കരാറുകളെ ബാധിച്ചുവെന്നും താരം വാദിച്ചു.

2011 ജനുവരി 18 നും 2011 ഫെബ്രുവരി 1 നും കമ്പനിക്കും ഏജൻസിയായ ജി & ഡി കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും നോട്ടീസ് അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് ഭാട്ടിയ ആരോപിച്ചു.

കരാർ കാലാവധിക്ക് ശേഷം കമ്പനി ചിത്രങ്ങൾ ഉപയോഗിച്ചു എന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാൻ നടിക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹാജരാക്കിയ സോപ്പ് കവറുകളും മറ്റ് രേഖകളും വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി.നേരത്തെ 2017-ൽ സിംഗിൾ ബെഞ്ച് ഈ കേസ് തള്ളിയിരുന്നു. ഇതിനെതിരെ തമന്ന നൽകിയ അപ്പീലാണ് ഇപ്പോൾ ജസ്റ്റിസുമാരായ പി. വേൽമുരുകൻ, കെ. ഗോവിന്ദരാജൻ തിലകവാടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.

ഒരു വർഷത്തെ കരാറിനായി തമന്നയ്ക്ക് അന്ന് 1 ലക്ഷം രൂപയാണ് നൽകിയിരുന്നതെന്നും അതിനാൽ 1 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം അടിസ്ഥാനരഹിതമാണെന്നും കമ്പനി കോടതിയിൽ വാദിച്ചു.

ഇപ്പോൾ കര്‍ണാടകയുടെ സ്വന്തം സോപ്പ് മൈസൂര്‍ സാൻഡലിന്‍റെ ബ്രാൻഡ് അംബാസിഡറാണ് തമന്ന. മൈസൂർ സാൻഡൽ സോപ്പ് നിർമിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്‍റ്സ് ലിമിറ്റഡിന്‍റെ (കെഎസ്‌ഡിഎൽ) ബ്രാൻഡ് അംബാസഡറായി തമന്നയെ നിയമിച്ചത് വലിയ വിവാദമായിരുന്നു. ഏതെങ്കിലും കന്നഡ താരത്തെ നിയമിക്കുന്നതിന് പകരം മുംബൈക്കാരിയായ തമന്നയെ ബ്രാൻഡ് അംബാസിഡറാക്കിയതാണ് വിവാദത്തിന് തിരി കൊളുത്തിയത്.

TAGS :

Next Story