നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ഒഡിഷയിൽ ക്രിസ്ത്യാനികൾക്ക് നേരെ ബജ്‍രംഗ്ദൾ ആക്രമണം
എട്ട് പേര്‍ക്ക് പരിക്കേറ്റതായി ക്രിസ്ത്യൻ സംഘടന നേതാക്കൾ അറിയിച്ചു

ഭുവനേശ്വര്‍: ഒഡിഷയിൽ പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികൾക്ക് നേരെ ബജ്‍രംഗ്ദൾ ആക്രമണം. നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിനാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. എട്ട് പേര്‍ക്ക് പരിക്കേറ്റതായി ക്രിസ്ത്യൻ സംഘടന നേതാക്കൾ അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം.
മാൽക്കാൻഗിരി ജില്ലയിലെ കൊട്ടമതേരു ഗ്രാമത്തിലെ പള്ളിയിൽ പോയി മടങ്ങുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. ഒഡിഷയിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം വർധിച്ച ക്രിസ്ത്യൻ സമുദായ നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ബജ്‍രംഗ്ദൾ വ്യക്തമാക്കി. മാൽക്കാൻഗിരി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രദേശത്തെ ക്രിസ്ത്യാനികൾ ഞായറാഴ്ച എസ്‍പി ഓഫീസിന് മുന്നിൽ ധര്‍ണ നടത്തി.
"കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് സംഘർഷം വളർന്നുവരികയായിരുന്നു. ഹിന്ദു വലതുപക്ഷ പ്രവർത്തകർ മതം മാറാനും ഹിന്ദുമതം സ്വീകരിക്കാനും ആളുകളെ ഭീഷണിപ്പെടുത്തുന്നത് തുടരുന്നു. എന്നാൽ ക്രിസ്ത്യാനികൾ ഇതിനെ എതിര്‍ത്തു," രാഷ്ട്രീയ ക്രിസ്ത്യൻ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പല്ലബ് ലിമ പറഞ്ഞു."ശനിയാഴ്ച രാവിലെ പ്രാർഥന കഴിഞ്ഞ് മടങ്ങുമ്പോൾ, കോടാലി പോലുള്ള ആയുധങ്ങളുമായി നൂറുകണക്കിന് ബജ്‍രംഗ് ദൾ പ്രവര്‍ത്തകരെത്തി ക്രിസ്ത്യാനികളെ ആക്രമിച്ചു. ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. "കൊട്ടമതേരു വിദൂര സ്ഥലമായതിനാൽ ആക്രമണത്തെക്കുറിച്ച് വിവരം ലഭിക്കാൻ വൈകി. ഞായറാഴ്ച ഞങ്ങൾ എസ്പിക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു," ലിമ പറഞ്ഞു.
ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നതിനായി പ്രാദേശിക ഹിന്ദുത്വ സംഘടനകൾ "സംസ്‌കൃതി ബച്ചാവോ അഭിയാൻ" (സംസ്‌കാര സംരക്ഷണ കാമ്പയിൻ) ആരംഭിച്ചതായി അദ്ദേഹം ആരോപിച്ചു. ആശുപത്രിയിൽ കഴിയുന്നവര്‍ ഞെട്ടലിലാണെന്നും ഗ്രാമത്തിലേക്ക് മടങ്ങാൻ അവര്‍ക്ക് ഭയമാണെന്നും ക്രിസ്ത്യൻ സംഘടന നേതാവായ ബിജോയ് പുസുരു പറഞ്ഞു. ഞായറാഴ്ച മാൽക്കാൻഗിരി കലക്ടറും എസ്പിയും ഗ്രാമം സന്ദർശിച്ചു. എന്നാൽ സഹോദരങ്ങൾ തമ്മിലുള്ള ശത്രുതയാണ് അക്രമത്തിന് കാരണമെന്ന് ആരോപിച്ച് പൊലീസ് അക്രമത്തെ നിസ്സാരവത്കരിച്ചു. "രണ്ട് സഹോദരന്മാർ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമായത്, ഒരാൾ ക്രിസ്ത്യാനിയും മറ്റൊരാൾ ഹിന്ദുവും. ഹിന്ദു സഹോദരൻ തന്‍റെ ക്രിസ്ത്യൻ സഹോദരനെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു," മൽക്കാൻഗിരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ റിഗാൻ കിൻഡ പറഞ്ഞു.
ആക്രമവും ക്രിസ്ത്യാനികളെ മതപരിവർത്തനം ചെയ്യാനുള്ള പ്രചാരണവും നടത്തിയെന്ന ആരോപണങ്ങൾ ജില്ലാ ബജ്‍രംഗ്ദൾ നേതാവ് സിബപാദ മിർദ നിഷേധിച്ചു. "ക്രിസ്ത്യാനികൾ നടത്തുന്ന നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഹിന്ദുക്കൾ ശബ്ദമുയർത്തുന്നുണ്ട്. ചിലപ്പോൾ, ഇതിനെതിരെ സ്വയമേവയുള്ള പ്രതികരണമുണ്ടാകും." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

