Quantcast

'പ്രാർത്ഥനകൾ ആരാധനാലയങ്ങളിൽ മാത്രം'; ബിജെപി അധികാരമേറ്റതിന് പിന്നാലെ ബംഗാളിൽ പുതിയ നിയന്ത്രണം

ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബിജെപി എംഎൽഎ നടത്തിയ പ്രസ്താവന ഇതിനോടകം വലിയ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-05-12 06:56:29.0

Published:

12 May 2026 9:04 AM IST

പ്രാർത്ഥനകൾ ആരാധനാലയങ്ങളിൽ മാത്രം; ബിജെപി അധികാരമേറ്റതിന് പിന്നാലെ ബംഗാളിൽ പുതിയ നിയന്ത്രണം
X

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റതിന് പിന്നാലെ തലസ്ഥാന നഗരിയിലടക്കം കർശന നിയന്ത്രണങ്ങളുമായി ബിജെപി സർക്കാർ. നമസ്കാരങ്ങൾ ആരാധനാലയങ്ങളിൽ വെച്ചുതന്നെ നടത്തണമെന്നും റോഡുകളിലോ തെരുവുകളിലോ വെച്ച് നമസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു. വർഷങ്ങളായി പെരുന്നാൾ,ജുംആ നമസ്കാരം നടക്കാറുള്ള കൊൽക്കത്തയിലെ റെഡ് റോഡിലും ഇനിമുതൽ അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബിജെപി എംഎൽഎ അർജുൻ സിങ് വ്യക്തമാക്കി. ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബിജെപി എംഎൽഎ നടത്തിയ പ്രസ്താവന ഇതിനോടകം വലിയ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

'കാബിനറ്റ് മീറ്റിങ്ങിൽ മുഖ്യമന്ത്രി നിരവധി തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. ഇനി മുതൽ പൊതുവിടങ്ങളിൽ നമസ്കാരം അനുവദിക്കില്ല. നിസ്കരിക്കണമെന്നുണ്ടെങ്കിൽ പള്ളികളിൽ പോകട്ടെ, തെരുവുകളിലെ നമസ്കാരങ്ങൾ അനുവദിക്കില്ല'. അർജുൻ സിങ് പറഞ്ഞു. പ്രാർത്ഥനകൾ പള്ളികൾക്കുള്ളിൽ മാത്രമേ നടത്താവൂ എന്നും റോഡുകൾ തടസ്സപ്പെടുത്തിയുള്ള മതപരമായ ചടങ്ങുകൾ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചു.

മസ്ജിദുകൾ വിശ്വാസികളെ കൊണ്ടുനിറയുന്ന സാഹചര്യത്തിൽ നിസ്കാരം പുറത്തേക്ക് നീളാറുണ്ട്. ഇതിനെയാണ് സർക്കാർ വിലക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്‍റെ അധീനതയിലുള്ള റെഡ് റോഡിലെ കഴിഞ്ഞ വർഷത്തെ പെരുന്നാൾ നമസ്കാരം വിവാദമായിരുന്നു. റോഡ് സൈനിക ആവശ്യങ്ങൾക്കായി വേണമെന്ന് ചൂണ്ടിക്കാട്ടി സൈന്യം നമസ്കരിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. എങ്കിലും, തൊട്ടടുത്ത ദിവസങ്ങളിൽ ഈദ് അദ്ഹ പ്രാർത്ഥനകൾക്കായി ഫോർട്ട് വില്യമിലെ നേതാജി പ്രതിമ വരെ സൈന്യം അനുമതി നൽകുകയും ചെയ്തിരുന്നു.

പ്രാർത്ഥനകൾക്കായെത്തുന്ന വിശ്വാസികൾ പള്ളികളിലെ സൗകര്യക്കുറവ് കാരണമാണ് പലപ്പോഴും റോഡിലേക്കിറങ്ങി നമസ്കാരം നിർവഹിക്കാറുള്ളത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കാതെ ആരാധനാ കാര്യങ്ങൾ നിർവഹിക്കുന്നതിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കേണ്ടുന്നതിന്‍റെ അനിവാര്യതയെ ചോദ്യം ചെയ്യുകയാണ് ബംഗാളിലെ ജനാധിപത്യ വിശ്വാസികൾ.

TAGS :

Next Story