ബരാമതി ഉപതെരഞ്ഞെടുപ്പ്: മത്സരം ഒഴിവാക്കാനുള്ള സുനേത്രയുടെ ശ്രമം പാളി; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്
അഡ്വ. ആകാശ് വിശ്വനാഥ് മോറെയെയാണ് കോൺഗ്രസ് സ്ഥാനാർഥി

- Published:
5 April 2026 10:52 PM IST

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉറ്റുനോക്കുന്ന ബാരാമതി ഉപ തെരഞ്ഞെടുപ്പ് ആവേശകരമായ പോരാട്ടത്തിലേക്ക്. എതിരില്ലാത്ത തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യവുമായി നീങ്ങിയ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പത്നി സുനേത്ര പവാറിന് തിരിച്ചടിയായി കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ.ആകാശ് വിശ്വനാഥ് മോറെയെയാണ് കോൺഗ്രസ് സ്ഥാനാർഥി.
നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കെ, ബാരാമതിയിൽ മത്സരം ഒഴിവാക്കി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടാനുള്ള തീവ്രശ്രമത്തിലായിരുന്നു സുനേത്ര പവാർ. ഇതിനായി മുംബൈയിലെയും ഡൽഹിയിലെയും പ്രമുഖ നേതാക്കളുമായി അവർ ചർച്ച നടത്തിയിരുന്നു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്‌കലിനെ കണ്ട് സുനേത്ര പവാർ സഹായം അഭ്യർത്ഥിച്ചെങ്കിലും സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റേതാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
മഹാ വികാസ് അഘാഡി സഖ്യത്തിലും ഇക്കാര്യത്തിൽ ഇതുവരെ പൂർണ്ണമായ സമവായമായിട്ടില്ല. സുനേത്ര പവാർ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമൊന്നും ആയിട്ടില്ലെന്ന് എംപി സഞ്ജയ് റാവത്ത് പറഞ്ഞു. സുനേത്ര പവാർ 'മഹായുതി' സഖ്യത്തിന്റെ ഭാഗമാണെന്നും പ്രതിപക്ഷമായ എംവിഎയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. എൻസിപി (ശരദ് പവാർ വിഭാഗം) നേരത്തെ എതിരില്ലാത്ത തെരഞ്ഞെടുക്കുന്നതിനോട് ആദ്യം അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പ്രതിപക്ഷ സഖ്യം ഒന്നിച്ച് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് ഇപ്പോൾ അവർ.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെക്കെതിരെ സുനേത്ര പവാർ മത്സരിച്ചിരുന്നു. അന്ന് 1,58,333 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുപ്രിയ സുലെ സുനേത്രയെ പരാജയപ്പെടുത്തി. പിന്നീട്, സഹോദരിക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചത് വലിയ തെറ്റായിപ്പോയെന്നും കുടുംബത്തിനുള്ളിലെ മത്സരങ്ങൾ ഒഴിവാക്കണമെന്നും അജിത് പവാർ പരസ്യമായി പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഒരു മത്സരമൊഴിവാക്കി വിജയിക്കാൻ പവാർ കുടുംബം ശ്രമിച്ചത്.
Adjust Story Font
16
