Quantcast

ബാർക്ക് തട്ടിപ്പ്: 'എഫ്‌ഐആറിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം'; കേരള ഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടി കേന്ദ്രം

സംവിധാനത്തിന്റെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ

MediaOne Logo

Web Desk

  • Updated:

    2025-12-17 07:25:11.0

Published:

17 Dec 2025 12:19 PM IST

ബാർക്ക് തട്ടിപ്പ്: എഫ്‌ഐആറിൽ   സ്വീകരിച്ച നടപടികൾ അറിയിക്കണം; കേരള ഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടി കേന്ദ്രം
X

ന്യൂഡല്‍ഹി: ബാര്‍ക്ക് തട്ടിപ്പില്‍ കേരള ഡിജിപിയില്‍ നിന്നും റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റ് മന്ത്രാലയമാണ്‌ ഡിജിപി യിൽ നിന്നും റിപ്പോർട്ട് തേടിയത്. എഫ്‌ഐആറിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടെ അറിയിക്കാനാണ് നിര്‍ദേശം.

സംവിധാനത്തിന്റെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലോക്സഭയിലെ ചോദ്യങ്ങൾക്കാണ് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ ഇക്കാര്യം അറിയിച്ചത്. എംപിമാരായ കെ സുധാകരൻ, ഡീൻ കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

ബാർക് തട്ടിപ്പ് ആദ്യം തുറന്നു കാട്ടിയത് മീഡിയവണാണ്. കേരളത്തിലെ ടെലിവിഷൻ ബാർക് തട്ടിപ്പിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അന്വേഷണത്തിനായി സൈബർ പൊലീസിനെ ചുമതലപ്പെടുത്തിയതായും സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. ബാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെടിഎഫ്(കേരള ടെലിവിഷന്‍ ഫെഡറേഷന്‍) പ്രസിഡന്‍റും 24 ചാനല്‍ മേധാവിയുമായ ആർ.ശ്രീകണ്ഠൻ നായരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ബാർക്കിലെ അശാസ്ത്രീയതയും തട്ടിപ്പും തുറന്നുകാട്ടി മീഡിയവൺ പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൂടുതൽ പരാതികൾ ഉയരുന്നത്. റേറ്റിങ്ങിൽ കൃത്രിമത്വം നടത്താൻ ബാർക്ക് ഉദ്യോഗസ്ഥൻ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ശ്രീകണ്ഠൻ നായരുടെ ആരോപണം. മലയാളത്തിലെ മറ്റൊരു ടെലിവിഷൻ ചാനൽ ഉടമയാണ് കൈക്കൂലി നൽകിയത്. ക്രിപ്റ്റോ കറൻസി വഴിയാണ് കൈക്കൂലി നൽകിയതെന്നും ശ്രീകണ്ഠൻ നായർ ആരോപിച്ചിരുന്നു.

കേബിൾ ചാനൽ ഉടമകളെ സ്വാധീനിച്ചും വൻ തുക നൽകിയും ലാൻഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് ശ്രീകണ്ഠൻ നായർ പരാതി നൽകിയത്. യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ തുക മുടക്കി വ്യാജ കാഴ്ചക്കാരെ സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്. ഇതിനെതിരെ മെറ്റ അടക്കമുള്ളവർക്കും പരാതി ലഭിച്ചിരുന്നു.

TAGS :

Next Story