മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്രയുടെ തിടുക്കപ്പെട്ടുള്ള സത്യപ്രതിജ്ഞ; എൻസിപിയിൽ സംഭവിക്കുന്നതെന്ത്?
അജിത് പവാറിന്റെ മരണത്തിലുള്ള ഞെട്ടലിലാണ് മഹാരാഷ്ട്ര. അതിനിടയിലാണ് അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുണ്ടായത്

- Published:
31 Jan 2026 7:41 PM IST

മുംബൈ: എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിന് പിന്നാലെ ഭാര്യ സുനേത്രയെ പകരക്കാരിയായി എത്തിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. അജിത് പവാർ മരിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് ഭാര്യയുടെ അധികാരാരോഹണം. അജിത് പവാറിന്റെ മരണത്തിലുള്ള ഞെട്ടലിലാണ് മഹാരാഷ്ട്ര. അതിനിടയിലാണ് അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുത്ത തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുണ്ടായത്.
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും അജിത് പവാറിന്റെ എൻസിപിയും തമ്മിലുള്ള ലയന ചർച്ചകളാണ് തിടുക്കപ്പെട്ട നീക്കങ്ങൾക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലയനം നടന്നാൽ ശരദ് പവാർ വിഭാഗം മേൽക്കൈ നേടുമെന്നും പാർട്ടിയിൽ തങ്ങളുടെ സ്വാധീനം കുറയുമെന്നും അജിത് പവാർ പക്ഷത്തുള്ള ഭയപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
ലയന ചർച്ചകൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ അജിത് പവാറിന്റെ എൻസിപിയിലെ പ്രമുഖ നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ തുടങ്ങിയ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള അവരുടെ തീരുമാനം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ സുനേത്ര പവാർ ഓൺലൈനായി പങ്കെടുക്കുകയും ചെയ്തു. ഭർത്താവ് വഹിച്ചിരുന്ന മൂന്ന് സ്ഥാനങ്ങളും ഏറ്റെടുക്കണമെന്ന് നേതാക്കൾ അവരോട് ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രി സ്ഥാനം, എൻസിപി പ്രസിഡന്റ് സ്ഥാനം, എൻസിപി നിയമസഭാ കക്ഷി നേതൃസ്ഥാനം എന്നിവയായിരുന്നു അജിത് പവാർ വഹിച്ചിരുന്നത്.
ധനകാര്യ വകുപ്പ് ഒഴികെ അജിത് പവാർ വഹിച്ച എല്ലാവകുപ്പുകളും സുനേത്രക്ക് നൽകാൻ എൻസിപി- ബിജെപി നേതാക്കൾ തമ്മിലുള്ള ചർച്ചയിൽ തീരുമാനമായിരുന്നു. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തന്നെ കൈകാര്യം ചെയ്യും. പകരം എൻസിപിക്ക് മറ്റൊരു വകുപ്പ് അനുവദിക്കും.
സുനേത്രയെ ഉപമുഖ്യന്ത്രിയാക്കാനുള്ള തീരുമാനവും മറ്റും പവാർ കുടുംബത്തിലെ പ്രധാനിയായ ശരദ് പവാറിനെ അറിയിച്ചിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. പ്രഫുൽ പട്ടേലും സുനിൽ തത്കരെയും ആണ് തീരുമാനങ്ങളെടുത്തതെന്ന് ശരദ് പവാർ ഇന്ന് വാർത്താസമ്മേളനത്തിൽ തുറന്നുപറയുകയും ചെയ്തു.
അജിത് പവാർ ലയനത്തിന് നീക്കം നടത്തിയിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. തങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നതായും ഫെബ്രുവരി 12-ന് എൻസിപിയുടെ ജന്മദിനത്തിൽ ലയനം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ശരദ് പവാർ വെളിപ്പെടുത്തി. അജിത് പവാർ പക്ഷ നേതാക്കൾ ഇത് നിഷേധിച്ചെങ്കിലും തൊട്ടുപിന്നാലെ ജനുവരി 17ന് അജിത് പവാർ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ പുറത്ത് വരികയും ചെയ്തു.
അജിത് പവാർ പക്ഷ നേതാക്കൾ ലയനത്തെ പിന്തുണയ്ക്കാതിരിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പാർട്ടിയിൽ ഒതുക്കപ്പെടും എന്ന ഭയത്തിനൊപ്പം ബിജെപിയുമായി ഒരു കാരണവശാലും സഖ്യമുണ്ടാക്കില്ലെന്ന ശരദ് പവാറിന്റെ പ്രഖ്യാപനമാണ് അവരുടെ മറ്റൊരു പ്രധാന ആശങ്ക. കേന്ദ്ര സർക്കാരിലും സംസ്ഥാനത്തെ മഹായുതി സർക്കാരിലും മന്ത്രിപദം അടക്കമുള്ള പ്രധാന സ്ഥാനങ്ങൾ ലയിക്കുകയാണെങ്കിൽ ഇവർക്ക് നഷ്ടപ്പെടും.
അജിത് പവാർ പക്ഷത്തെ പ്രധാന നേതാക്കളെല്ലാം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരത്തെ നേരിട്ടിരുന്നവരാണ്. എൻഡിഎ സഖ്യത്തിൽ ചേർന്നതിന് ശേഷം ഇവരിൽ പലർക്കും നിയമനടപടികളിൽനിന്ന് മോചനം ലഭിച്ചിട്ടുണ്ട്. സഖ്യം ഉപേക്ഷിക്കുമ്പോൾ അന്വേഷണം വീണ്ടും വരുമോയെന്ന ഭയവും ഇവർക്കുണ്ട്.
Adjust Story Font
16
