ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പിൻ്റെ പരസ്യ പ്രചാരണം അവസാനിച്ചു; ബുധനാഴ്ച 142 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
ഏപ്രില്‍ 23ന് 152 സീറ്റിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ 142 മണ്ഡലങ്ങള്‍ രണ്ടാംഘട്ടത്തില്‍ വിധിയെഴുതും.
രണ്ടാംഘട്ടത്തിലും വാശിയൊട്ടും കുറയാത്ത പ്രചാരണമാണ് ബംഗാളിലുണ്ടായത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃണമൂല്‍ കോണ്‍ഗ്രസിനായി മമതബാനര്‍ജിയും അവസാനഘട്ട പ്രചാരണത്തിന് നേതൃത്വം നല്‍കി.
മമത ബാനര്‍ജി നയിച്ച പദയാത്രയും ജനസഭയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് തൃണമൂല്‍. ബംഗാളിന്റെ ഭാവിയെക്കുറിച്ച് ഒരു ആശയവും ഇല്ലാത്ത പാര്‍ട്ടിയാണ് തൃണമൂലെന്ന് ബിജെപി കുറ്റപ്പെടുത്തി. ടിഎംസിയും ബിജെപിയും ബംഗാളിന് ഒരേ പോലെ അപകടമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസും സിപിഎമ്മും.
പ്രചാരണത്തിനിടെ പലയിടത്തും അക്രമമുണ്ടായി. ഹൂഗ്ലിയില്‍ ടിഎംസി എം.പി മിതാലി ബാഗിന്റെ കാര്‍ തകര്‍ത്തു. അക്രമത്തിനു പിന്നില്‍ ബിജെപി ആണെന്ന് ടിഎംസി ആരോപിച്ചു. പരിശോധനകളില്‍ പലയിടത്ത് നിന്നും ബോംബുകള്‍ പിടികൂടിയിട്ടുണ്ട്.
ഏപ്രില്‍ 23ന് 152 സീറ്റിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 91.78 എന്ന ഉയര്‍ന്ന പോളിങ് ശതമാനമാണ് ഒന്നാംഘട്ടത്തിലുണ്ടായത്. എസ്ഐആറില്‍ 91 ലക്ഷം പേര്‍ പുറത്താക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വലിയതോതില്‍ വോട്ടുചെയ്യാനെത്തിയതാണ് പോളിങ് ഉയര്‍ത്തിയത്.
Adjust Story Font
16

