വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ഭയം; ബംഗാളിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു
സഫികുൽ ഗാസി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭംഗറിലെ ജയ്പൂരിലുള്ള ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്

Photo| PTI
കൊൽക്കത്ത: എസ്ഐആര്‍ നടപടികൾ പുരോഗമിക്കുന്നതിനിടെ പശ്ചിമബംഗാളിൽ വീണ്ടും ആത്മഹത്യ. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഗുഷിഘട്ടയിൽ താമസിക്കുന്ന സഫികുൽ ഗാസിയാണ് ജീവനൊടുക്കിയത്. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന ഭയത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.
സഫികുൽ ഗാസി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭംഗറിലെ ജയ്പൂരിലുള്ള ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. കുറച്ചു കാലം മുമ്പ് ഒരു റോഡപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഗാസി മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും സംസ്ഥാനത്ത് എസ്‌ഐആർ പ്രക്രിയ ആരംഭിച്ചതിനുശേഷം അദ്ദേഹം കൂടുതൽ ഉത്കണ്ഠാകുലനായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടി. "തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ അയാൾ ഭയന്നിരുന്നു. നാട്ടിൽ നിന്ന് പുറത്താക്കുമെന്ന് അയാൾ പറഞ്ഞുകൊണ്ടിരുന്നു. ഭയം കാരണം അയാൾക്ക് അസുഖം പോലും വന്നു. ഇന്ന് രാവിലെ ചായ കുടിച്ച ശേഷം ആടുകളെ കെട്ടാൻ പോയി, പിന്നീട് തൊഴുത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു" ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബംഗാളിൽ നടക്കുന്ന എട്ടാമത്തെ ആത്മഹത്യയാണിതെന്ന് തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി. എസ്ഐആര്‍ സംസ്ഥാനത്തുടനീളമുള്ള പാവപ്പെട്ടവരായ ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചു. "ചൊവ്വാഴ്ച വരെ, എസ്‌ഐആർ പ്രക്രിയയെക്കുറിച്ചുള്ള ഭയം മൂലം ഏഴ് പേർ ജീവനൊടുക്കിയിരുന്നു. ഇപ്പോൾ, ഭാംഗറും .. ദരിദ്രരായ ജനങ്ങളെ ഭീഷണിപ്പെടുത്താനും അവരുടെ അവകാശങ്ങൾ നിഷേധിക്കാനുമുള്ള ബിജെപിയുടെ ഗൂഢാലോചന മൂലമാണ് ഇത് സംഭവിക്കുന്നത്" കുടുംബത്തെ സന്ദർശിച്ച ടിഎംസിയുടെ കാനിംഗ് ഈസ്റ്റ് എംഎൽഎ ഷൗക്കത്ത് മൊല്ല പറഞ്ഞു.
എന്നാൽ ബിജെപി അത്തരം അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു, ടിഎംസി ഈ മരണങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. "വോട്ടർ പട്ടിക പുതുക്കുന്നതിനായി ഇന്ത്യയിലുടനീളം നടത്തുന്ന ഒരു പതിവ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രക്രിയയാണ് എസ്‌ഐആർ. ടിഎംസി ഈ മരണങ്ങളെ രാഷ്ട്രീയ നേട്ടത്തിനും ബിജെപിയെ അപകീർത്തിപ്പെടുത്താനും ഉപയോഗിക്കുന്നു. ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്, ഞങ്ങളുടേതല്ല," ബിജെപി സംസ്ഥാന പ്രസിഡന്‍റ് സമിക് ഭട്ടാചാര്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

