ആറ് മാസത്തിനിടെ 12 തവണ പീഡിപ്പിച്ചെന്ന് യുവതി; പത്മശ്രീ ജേതാവ് കാര്‍ത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്
ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന കാർത്തിക് മഹാരാജ് ആരോപണങ്ങൾ നിഷേധിച്ചു

കൊൽക്കത്ത: പത്മശ്രീ അവാര്‍ഡ് ജേതാവ് പത്മശ്രീ അവാർഡ് സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. 2013 ൽ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പശ്ചിമ ബംഗാൾ സ്വദേശിനിയുടെ പരാതി. എന്നാൽ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന കാർത്തിക് മഹാരാജ് ആരോപണങ്ങൾ നിഷേധിച്ചു.
ഭാരത് സേവാശ്രമം സംഘത്തിലെ സന്യാസിയായ മഹാരാജ്, മുർഷിദാബാദിലെ ഒരു ആശ്രമത്തിലേക്ക് തന്നെ കൊണ്ടുപോയി, അതിനടുത്തുള്ള ഒരു സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്തുവെന്നും ആശ്രമത്തിൽ താമസ സൗകര്യവും നൽകിയെന്നും യുവതി ആരോപിച്ചു.
ഒരു രാത്രിയിൽ, സന്യാസി തന്‍റെ മുറിയിൽ കയറി പിഡീപ്പിച്ചുവെന്ന് യുവതി പറയുന്നു. 2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ കുറഞ്ഞത് 12 തവണയെങ്കിലും സന്യാസി തന്നെ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്. ഭയവും നിസ്സഹായതയും കൊണ്ടാണ് ഇത്രയും വർഷമായി താൻ സംഭവത്തെക്കുറിച്ച് മൗനം പാലിച്ചതെന്ന് അവർ പറഞ്ഞു. പൊലീസിനെ സമീപിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് സന്യാസി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി വ്യക്തമാക്കി. കാർത്തിക് മഹാരാജിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. കേസിൽ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.
ഈ വര്‍ഷമാണ് കാര്‍ത്തിക് മഹാരാജിന് പത്മശ്രീ ലഭിക്കുന്നത്. യുവതിക്ക് ആശ്രമത്തിൽ താമസസൌകര്യം ഒരുക്കിയിട്ടുണ്ടെന്നത് സത്യമാണെന്നും എന്നാൽ മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. "ഞാനൊരു സന്യാസിയാണ്. ഒരു സന്യാസിയുടെ ജീവിതത്തിൽ ഇത്തരം തടസ്സങ്ങൾ അസാധാരണമല്ല," അദ്ദേഹം പറഞ്ഞു. തന്‍റെ അഭിഭാഷകൻ കോടതിയിൽ ഈ വിഷയത്തിൽ പ്രതികരിക്കുമെന്ന് മഹാരാജ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

