'ജീവിതകാലമത്രയും ടൂവീലറിലാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്, അച്ഛന്‍റെ ഹീറോ ഹോണ്ട സ്പ്ലെൻഡറിന് 14 വയസായി'; പിതാവിന് പുതിയ കാര്‍ സമ്മാനിച്ച് 26കാരൻ
സോഫ്റ്റ്‌വെയർ ഡെവലപ്പറായ സത്യം പാണ്ഡെ എന്ന 26കാരനാണ് പിതാവിന് ഒരു പുതിയ ടാറ്റ പഞ്ച് സമ്മാനിച്ചത്

Photo| X
ബംഗളൂരു: സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ച് ജീവിതകാലം മുഴുവൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന പിതാവിന് കാര്‍ സമ്മാനിച്ചുകൊണ്ട് ബംഗളൂരു സ്വദേശിയായ യുവാവ് കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ ഹൃദയം തൊട്ടുകൊണ്ടിരിക്കുന്നത്. സോഫ്റ്റ്‌വെയർ ഡെവലപ്പറായ സത്യം പാണ്ഡെ എന്ന 26കാരനാണ് പിതാവിന് ഒരു പുതിയ ടാറ്റ പഞ്ച് സമ്മാനിച്ചത്.
തന്‍റെ പിതാവ് ഇക്കാലമത്രയും ഒരു ടൂവീലറിലാണ് യാത്ര ചെയ്തിരുന്നതെന്നും അദ്ദേഹത്തിന്‍റെ ഹീറോ ഹോണ്ട സ്പ്ലെൻഡറിന് 14 വയസായെന്നും പാണ്ഡെ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ''ജീവിതകാലം മുഴുവൻ, തന്‍റെ മൂന്ന് കുട്ടികൾക്ക് നന്നായി പഠിക്കാനും അവർക്ക് ലഭിക്കുമായിരുന്ന ആഡംബരങ്ങൾക്കുമായി സ്വന്തം സുഖസൗകര്യങ്ങൾ അദ്ദേഹം ത്യജിച്ചു'' പാണ്ഡെ വിശദീകരിച്ചു. പാണ്ഡെയുടെ പിതാവ് പറ്റ്നയിലെ സിവിൽ കോടതിയിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് മക്കളിൽ മൂത്തയാളാണ് സത്യം പാണ്ഡെ. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.'' ഞങ്ങളുടേത് ഇടത്തരം കുടുംബമാണ്. വളരെ സാധാരണമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. പണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയാമായിരുന്നു'' പാണ്ഡെ പറയുന്നു.
പാണ്ഡെക്ക് 14 വയസാകുന്നതുവരെ അദ്ദേഹത്തിന്‍റെ പിതാവ് ബക്സറിലാണ് ജോലി ചെയ്തിരുന്നത്. ''ജില്ലാ കോടതിയിൽ ജോലിക്കായി അച്ഛൻ ദിവസവും ട്രെയിനിൽ യാത്ര ചെയ്തിരുന്നു, പലപ്പോഴും പുലർച്ചെ എഴുന്നേറ്റ് രാത്രി വൈകി തിരിച്ചെത്തുമായിരുന്നു.കുട്ടികളായിരിക്കുമ്പോൾ പോലും കഠിനാധ്വാനത്തിന്റെയും സാമ്പത്തിക വിവേകത്തിന്റെയും മൂല്യം ഞങ്ങൾ മനസിലാക്കിയിരുന്നു.ഞങ്ങളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാതിരിക്കാൻ പറ്റ്നയിൽ തന്നെയാണ് ഞങ്ങൾ താമസിച്ചത്. ദിവസവും 144 കിലോമീറ്ററുകൾ ദൂരം സഞ്ചരിച്ചാണ് അദ്ദേഹം ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്'' പാണ്ഡെ വിശദീകരിക്കുന്നു.
രാജസ്ഥാനിലെ ബിറ്റ്സ്-പിലാനിയിൽ നിന്നും ബിരുദം നേടിയ പാണ്ഡെ ഇപ്പോൾ ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുകയാണ്. കൂടാതെ ഒരു സൈഡ് ഹസ്സൽ എന്ന നിലയിൽ ഒരു ഫിറ്റ്നസ് ബിസിനസും നടത്തുന്നു. സ്വന്തം വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിനൊപ്പം, എംബിബിഎസിന് പഠിക്കുന്ന ഇളയ സഹോദരിയെയും സഹായിക്കുന്നു. തന്‍റെ പിതാവിന്‍റെ സുരക്ഷയെ മുൻനിര്‍ത്തിയാണ് കാര്‍ വാങ്ങാൻ തീരുമാനിച്ചതെന്ന് പാണ്ഡെ പറഞ്ഞു.
🥹❤️🙏🏽 https://t.co/Bv7xYPesQk pic.twitter.com/Y3gDOAOpQb
— Satyam Pandey (@fittwithsatyam) November 5, 2025
"ഇന്ത്യയിൽ ബൈക്ക് യാത്രക്കാർ പലപ്പോഴും മറ്റുള്ളവരുടെ കാരുണ്യത്തിൽ കഴിയുന്നവരാണ് . നിങ്ങൾക്ക് 10 കാര്യങ്ങൾ കൃത്യമായി ചെയ്യാനും എല്ലാ നിയന്ത്രണങ്ങളും പാലിക്കാനും ഹെൽമെറ്റ് ധരിക്കാനും കഴിയും. പക്ഷേ ഫോർ വീലറിൽ സഞ്ചരിക്കുന്ന മറ്റൊരാൾ നിങ്ങളെ ഉപദ്രവിച്ചേക്കാം. നിങ്ങൾക്ക് ശ്രദ്ധാലുവായിരിക്കാനും അശ്രദ്ധമായി വാഹനമോടിക്കാതിരിക്കാനും കഴിയും. പക്ഷേ മറ്റൊരാളുടെ അശ്രദ്ധയ്ക്ക് വില നൽകേണ്ടി വരുന്നത് നിങ്ങളായിരിക്കും. ഇത് എന്നെ വളരെയധികം ഭയപ്പെടുത്തി," പാണ്ഡെ പറഞ്ഞു. തന്റെ പിതാവ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ചെറിയ അപകടങ്ങൾ നേരിട്ടതിനെത്തുടർന്ന് തന്റെ ഭയം വർദ്ധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാര്‍ വാങ്ങാനുള്ള പകുതി തുക ബാങ്ക് വായ്പയിലൂടെയാണ് കണ്ടെത്തിയത്. പുതിയ കാര്‍ കണ്ട് അച്ഛൻ അത്ഭുതപ്പെട്ടതായും തങ്ങളുടെ കുടുംബത്തിലെ ആദ്യ കാറാണെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

