കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്; തനിസാന്ദ്രയിൽ 60 വീടുകൾ പൊളിച്ചുമാറ്റി
മുൻകൂർ അറിയിപ്പ് നൽകാതെ ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തി വീടുകൾ പൊളിച്ചുമാറ്റിയതായി താമസക്കാർ ആരോപിച്ചു

- Published:
8 Jan 2026 4:49 PM IST

ബെംഗളൂരു: ബെംഗളൂരുവിലെ തനിസാന്ദ്രയിൽ അനധികൃത നിർമാണം ആരോപിച്ച് 60 വീടുകൾ പൊളിച്ചുമാറ്റി. ബെംഗളൂരു ഡവലപ്പ്മെൻ്റ് അഥോറിറ്റിയാണ് വീടുകൾ പൊളിച്ചുമാറ്റിയത്. നാല് ജെസിബികൾ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കൽ പ്രവർത്തനം. ഏകദേശം 400 കുടുംബങ്ങൾ ഭവനരഹിതരായി. എസ്ആർകെ നഗറിനടുത്ത് രാവിലെ നാല് മണിയോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. മുൻകൂർ അറിയിപ്പ് നൽകാതെ ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തി വീടുകൾ പൊളിച്ചുമാറ്റിയതായി താമസക്കാർ ആരോപിച്ചു. കൊഗിലു ലേഔട്ടിലെ വീടുകൾ ഒഴിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി.
ഇ-ഖാറ്റ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള സാധുവായ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് പ്രദേശവാസികൾ അവകാശപ്പെട്ടു. പതിവായി ഭൂ നികുതി അടയ്ക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 20 വർഷമായി പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണഭൈരഗൗഡ ഉറപ്പ് നൽകിയിരുന്നതായും താമസക്കാർ പറഞ്ഞു. നിയമപരമായി സ്വത്തുക്കൾ വാങ്ങിയതാണെന്നും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അവകാശപ്പെട്ട് നിരവധി വീട്ടുടമസ്ഥർ സ്ഥലത്ത് പ്രതിഷേധം നടത്തി. മൂന്ന് മാസം മുമ്പാണ് വീടുകൾ വാങ്ങിയതെന്ന് ഇവർ പറയുന്നു.
ബെംഗളൂരു വികസന അതോറിറ്റിയുടെ (ബിഡിഎ) അധികാരപരിധിയിൽ വരുന്ന സ്ഥലമാണിതെന്നാണ് അധികൃതരുടെ വാദം. വീടുകൾ പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം കുത്തിയിരിപ്പ് സമരം നടത്തുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
Adjust Story Font
16
