Quantcast

ഭഗവന്ത് മന്‍ നിയമസഭയില്‍ മദ്യപിച്ച് എത്തിയോ? ആല്‍ക്കഹോള്‍ ടെസ്റ്റ് നടത്തണമെന്ന് പ്രതിപക്ഷം

ഇന്ന് നടന്ന മെയ് ദിന പ്രത്യേക സെഷനില്‍ മുഖ്യമന്ത്രി മദ്യപിച്ച് എത്തിയതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്

MediaOne Logo
Bhagwant Mann drunk in Assembly? Opposition seeks alcohol test
X

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിയമസഭയില്‍ മദ്യപിച്ചെത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം. ഇന്ന് നടന്ന മെയ് ദിന പ്രത്യേക സെഷനില്‍ മുഖ്യമന്ത്രി മദ്യപിച്ച് എത്തിയതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും ആല്‍ക്കഹോള്‍ പരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ തലവനെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും സത്യം തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശിരോമണി അകാലിദളും മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായെത്തി. ഭഗവന്ത് മന്‍ സഭയില്‍ സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി മദ്യപിച്ച് വരുന്നത് സഭക്ക് തന്നെ അപമാനമാണെന്നും സത്യം തെളിയിക്കാന്‍ മുഖ്യമന്ത്രി ഡോപ് ടെസ്റ്റിന് വിധേയനാകണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.

ആം ആദ്മിയില്‍ നിന്ന് ഈയിടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സ്വാതി മലിവാള്‍ എംപി ഭഗവന്ത് മന്നിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. 'ജനാധിപത്യത്തിന്റെ ക്ഷേത്രമായ നിയമസഭയില്‍ മുഖ്യമന്ത്രി മദ്യപിച്ചെത്തിയെന്നാണ് ആരോപണം. ഈ മനുഷ്യന്‍ ഗുരുദ്വാരകളില്‍ മദ്യപിച്ച് പോകുന്നു, ക്ഷേത്രങ്ങളില്‍ മദ്യപിച്ചു പോകുന്നു, ലോക്സഭയില്‍ മദ്യപിച്ച് വരുമായിരുന്നു, സര്‍ക്കാര്‍ യോഗങ്ങളില്‍ മദ്യപിച്ച് പങ്കെടുക്കുന്നു, വിദേശയാത്രയില്‍ അമിതമായി മദ്യപിച്ചതിനാല്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവവുമുണ്ടായി' -ഭഗവന്ത് മന്നിന്റെ മുന്‍ സഹപ്രവര്‍ത്തക കൂടിയായ മലിവാള്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മെയ് ദിനാചരണത്തിന്റെ ഭാഗമായാണ് പ്രത്യേക സെഷന്‍ സംഘടിപ്പിച്ചതെന്നും എല്ലാ അംഗങ്ങളും സംയമനം പാലിച്ച് സഭയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭഗവന്ത് മന്നിനെതിരെ നേരത്തെയും മദ്യപാന ആരോപണമുണ്ടായിരുന്നു. 2022ല്‍ ജര്‍മനിയിലെ ഫ്രങ്ക്ഫുര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടാനിരിക്കെ അമിതമായി മദ്യപിച്ചതിന് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്നായിരുന്നു അന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്.

TAGS :

Next Story