Quantcast

ഭീമ കൊറേഗാവ് കേസ്; പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി എന്‍ഐഎ, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം

പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പത്രസമ്മേളനം നടത്തിയതായി എന്‍ഐഎ

MediaOne Logo
ഭീമ കൊറേഗാവ് കേസ്; പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി എന്‍ഐഎ, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം
X

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ പ്രത്യേക കോടതിയില്‍. ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുവരും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് മുംബൈ പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തിയതായി എന്‍ഐഎ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടി, അര്‍ബന്‍ നക്‌സല്‍ മുന്നേറ്റം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളാണ് പ്രതികള്‍ പത്രസമ്മേളനത്തിലൂടെ പ്രചരിപ്പിച്ചതെന്നും എന്‍ഐഎ പറയുന്നു.

മെയ് 15ന് കേസിലെ മറ്റു പ്രതികളായ വരവര റാവു, സുധ ഭരദ്വാജ് എന്നിവരുടെയും ജാമ്യം റദ്ദാക്കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. കേസിലെ മറ്റു പ്രതികളുമായി ആശയവിനിമയം നടത്തരുതെന്ന നിബന്ധനയോടെയാണ് റാവുവിനും സുധ ഭരദ്വാജിനും ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഈ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് എന്‍ഐഎയുടെ വാദം.

2018ലാണ് ഫെരേരയും വെര്‍നോണ്‍ ഗോണ്‍സാല്‍വസും അറസ്റ്റിലായത്. പിന്നീട് 2023ല്‍ കര്‍ശന ഉപാധികളോടെ സുപ്രിംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2026 ജനുവരി 19ന് മുംബൈ പ്രസ് ക്ലബില്‍ ഇരുവരും പത്രസമ്മേളനം നടത്തിയതായാണ് വിവരം. നിലവില്‍ എന്‍ഐഎയുടെ അപ്പീലില്‍ പ്രതികളില്‍ നിന്നും പ്രത്യേക ജഡ്ജി ചാകോര്‍ എസ് ബവിസ്‌കാര്‍ മറുപടി തേടിയിട്ടുണ്ട്. ജൂണ്‍ 19ന് കേസ് വീണ്ടും പരിഗണിക്കും.

അതേസമയം, പ്രതികള്‍ക്ക് പത്രസമ്മേളനം നടത്താന്‍ സാഹചര്യമൊരുക്കിയ മൂന്ന് പ്രസ് ക്ലബ് അംഗങ്ങളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ ഒരാളായ ഗര്‍ഭിര്‍ സിങ്ങിനെതിരായ നടപടി മുംബൈ സിറ്റി സിവില്‍ കോടതി റദ്ദാക്കി.

ചരിത്രപരമായ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണ് ഭീമ കൊറേഗാവ് കേസിന് കാരണമായത്. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഘര്‍ഷമുണ്ടായത്.

2017 ഡിസംബര്‍ 31ന് പൂനെയില്‍ നടന്ന 'എല്‍ഗാര്‍ പരിഷത്ത്' സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ കൊറേഗാവ് ആക്രമണത്തിന് കാരണമായെന്നാണ് പൊലീസ് വാദം. ഈ യോഗത്തിന് പണം നല്‍കിയെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ചാണ് 16 ആക്ടിവിസ്റ്റുകളെ എന്‍ഐഎ പൊലീസ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story