Quantcast

തത്കാലം സ്റ്റേ ഇല്ല, നമസ്‌കാരത്തിനായി വേറെ സ്ഥലം കണ്ടെത്തുക; ഭോജ്‌ശാല-കമാൽ മൗല മസ്ജിദ് കേസിൽ സുപ്രിംകോടതി

സമുച്ചയം ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കുകയും മുസ്‌ലിംകൾക്ക് അവിടെ നമസ്കാരം നിർവഹിക്കുന്നത് വിലക്കുകയും ചെയ്ത മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് അടിയന്തര സ്റ്റേ നൽകാനാവില്ലെന്ന് സുപ്രിംകോടതി

MediaOne Logo

Web Desk

  • Published:

    15 July 2026 1:39 PM IST

തത്കാലം സ്റ്റേ ഇല്ല, നമസ്‌കാരത്തിനായി വേറെ സ്ഥലം കണ്ടെത്തുക; ഭോജ്‌ശാല-കമാൽ മൗല മസ്ജിദ് കേസിൽ സുപ്രിംകോടതി
X

ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ഭോജ്‌ശാല-കമാൽ മൗല മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രിംകോടതി. സമുച്ചയം ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കുകയും മുസ്‌ലിംകൾക്ക് അവിടെ നമസ്കാരം നിർവഹിക്കുന്നത് വിലക്കുകയും ചെയ്ത മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് അടിയന്തര സ്റ്റേ നൽകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ മുസ്‌ലിംകൾക്ക് വെള്ളിയാഴ്ച നമസ്കാരം നിർവഹിക്കുന്നതിനായി ഭോജ്‌ശാല സമുച്ചയത്തിന് സമീപത്തോ ചേർന്നോ ഉള്ള മറ്റൊരു തുറസായ സ്ഥലം കണ്ടെത്താൻ ധാർ ജില്ലാ ഭരണകൂടത്തിന് സുപ്രിംകോടതി നിർദേശം നൽകി.

സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകരാൻ സാധ്യതയുള്ള ഒരു ഉത്തരവും നിലവിൽ പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്താൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി. നമസ്കാരത്തിനായി കണ്ടെത്തുന്ന പുതിയ സ്ഥലത്തേക്കുള്ള ആളുകളുടെ സഞ്ചാരത്തിന് യാതൊരുവിധ തടസങ്ങളും ഉണ്ടാകരുതെന്ന് കോടതി പ്രത്യേകം നിർദേശിച്ചു. കൂടാതെ, സുപ്രിംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സമുച്ചയത്തിൽ യാതൊരുവിധ ഘടനാപരമായ മാറ്റങ്ങളും വരുത്തരുതെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടും സർക്കാരിനോടും കോടതി ഉത്തരവിട്ടു.

ഹൈക്കോടതി വിധി ചരിത്രപരമായി തെറ്റാണെന്നും 1991ലെ ആരാധനാലയ നിയമത്തിന് (Places of Worship Act, 1991) എതിരാണെന്നും ചൂണ്ടിക്കാട്ടി മുസ്‌ലിം വിഭാഗം സമർപ്പിച്ച മൂന്ന് ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. 700 വർഷമായി മസ്ജിദായി നിലനിൽക്കുന്നതിൻ്റെ രേഖകൾ ഹൈക്കോടതി അവഗണിച്ചുവെന്നും, കഴിഞ്ഞ 23 വർഷമായി നിലവിലിരുന്ന തൽസ്ഥിതി (ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജയും വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾക്ക് നമസ്കാരവും) തകിടം മറിച്ചുവെന്നും മുസ്‌ലിം വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ എ.എം സിങ്വി, ഹുസേഫ അഹ്മദി, സൽമാൻ ഖുർഷിദ്, മീനാക്ഷി അറോറ എന്നിവർ വാദിച്ചു.

അതേസമയം, ഹൈക്കോടതി വിധി നടപ്പിലാക്കിയ ശേഷം നിലവിൽ സമാധാനാന്തരീക്ഷം തുടരുകയാണെന്നും, ഇപ്പോൾ തൽസ്ഥിതി പുനഃസ്ഥാപിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. തർക്കം എത്രയും വേഗം പരിഹരിക്കുന്നതിനായി മൂന്ന് ആഴ്ചയ്ക്കുള്ളിൽ കേസിൽ ദൈനംദിന വാദം കേൾക്കാൻ സുപ്രിംകോടതി തയ്യാറാണെന്ന് അറിയിച്ചു. ഇരുവിഭാഗവും സംയമനവും ക്ഷമയും പാലിക്കണമെന്ന് അഭ്യർത്ഥിച്ച കോടതി, വരും ആഴ്ചകളിൽ തന്നെ വാദം കേട്ട് അന്തിമ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.

TAGS :

Next Story