Quantcast

മതം മാറിയത് ആരുടെയും സമ്മർദംകൊണ്ടല്ലെന്ന് യുവതിയുടെ മൊഴി; മുസ്‌ലിം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി

യുവതിയുടെ മാതാവും മകൾ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽനിന്ന് പോയതെന്ന് കോടതിയിൽ മൊഴി നൽകി

MediaOne Logo
മതം മാറിയത് ആരുടെയും സമ്മർദംകൊണ്ടല്ലെന്ന് യുവതിയുടെ മൊഴി; മുസ്‌ലിം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി
X

ഭോപ്പാൽ: ലവ് ജിഹാദ് ആരോപണത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത നിർബന്ധിത മതപരിവർത്തന കേസിൽ മുസ്ലിം യുവാവിനെ മധ്യപ്രദേശ് കോടതി കുറ്റവിമുക്തനാക്കി. നർമദാപുരം സ്വദേശിയായ സയ്യിദ് ഖാനെയാണ് പിപാരിയ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് തയ്യാറായതെന്നും മതം മാറാൻ യുവാവ് സമ്മർദം ചെലുത്തിയിട്ടില്ലെന്നും യുവതി കോടതിയിൽ മൊഴി നൽകിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

2025 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി സയ്യിദ് ഖാനും യുവതിയും ഭോപ്പാൽ ജില്ലാ കോടതിയിലെത്തിയിരുന്നു. ഇവിടെവച്ച് ഒരു സംഘം അഭിഭാഷകരും വലതുപക്ഷ പ്രവർത്തകരും ചേർന്ന് ഇരുവരെയും മർദിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സയ്യിദ് ഖാനെ എംപി നഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച് മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജൻ ആക്ടിലെ മൂന്ന്, അഞ്ച് വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതിയെ മതം മാറ്റാൻ ശ്രമിച്ചെന്നും വിവാഹത്തിനായി സമ്മർദം ചെലുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. യുവതിയുടെ പേര് 'റൈഹാന' എന്നാക്കി മാറ്റാൻ ശ്രമിച്ചതായും അന്വേഷണ സംഘം ആരോപിച്ചിരുന്നു.

എന്നാൽ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ വാദങ്ങൾക്ക് വിരുദ്ധമായാണ് യുവതി കോടതിയിൽ മൊഴി നൽകിയത്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽനിന്ന് പോയതെന്നും സയ്യിദ് ഖാൻ തന്നെ മതം മാറാനോ വിവാഹം കഴിക്കാനോ നിർബന്ധിച്ചിട്ടില്ലെന്നും യുവതി വ്യക്തമാക്കി. പൊലീസ് സമ്മർദം ചെലുത്തി വെള്ളക്കടലാസുകളിൽ ഒപ്പിടുവിച്ചെന്നും അവർ കോടതിയിൽ ആരോപിച്ചു. യുവതിയുടെ മാതാവും മകൾ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽനിന്ന് പോയതെന്ന് കോടതിയിൽ മൊഴി നൽകി.

സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെ അപര്യാപ്തതയും പരിഗണിച്ചാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി അർച്ചന രഘുവംശി സയ്യിദ് ഖാനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾ എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് മധ്യപ്രദേശിലെ ഈ കോടതി വിധി ശ്രദ്ധ നേടുന്നത്.

TAGS :

Next Story