മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി മുഖം തേജസ്വിയോ? ബിഹാറിൽ കോൺഗ്രസും ആര്‍ജെഡിയും തമ്മിൽ ഭിന്നത രൂക്ഷം
2020ൽ തേജസ്വിയുടെ നേതൃത്വത്തിലാണ് ആര്‍ജെഡി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മനോജ് വ്യക്തമാക്കി

പട്ന: ഈ വർഷം അവസാനം ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടികൾ ഇതിനോടകം പ്രചരണം ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഭരണകക്ഷിയായ ബിജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി മുഖത്തെച്ചൊല്ലി ആർജെഡിയും കോൺഗ്രസും തമ്മിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
തേജസ്വി യാദവിനെ മഹാസഖ്യത്തിന്‍റെ(മഹാഗത്ബന്ധൻ) മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ കോൺഗ്രസ് എംഎല്‍എ അജിത് ശര്‍മ രംഗത്തുവന്നു. മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി മുഖം ആരെന്ന് തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ തീരുമാനിക്കുമെന്ന് ശർമ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സഖ്യം വിജയിക്കുകയും ആർജെഡിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്താൽ തേജസ്വി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ ശര്‍മയുടെ പരാമര്‍ശം ആര്‍ജെഡിക്ക് അത്ര പിടിച്ചില്ല. മുൻ ഉപമുഖ്യമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു ആര്‍ജെഡിയുടെ ചോദ്യം. മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാട് ആവർത്തിച്ച ആർജെഡി എംപി മനോജ് ഝാ നിയമസഭാ തെരഞ്ഞെടുപ്പിൽ തേജസ്വി നയിക്കുമെന്ന് പറഞ്ഞു.ഇക്കാര്യത്തിൽ തര്‍ക്കമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020ൽ തേജസ്വിയുടെ നേതൃത്വത്തിലാണ് ആര്‍ജെഡി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മനോജ് വ്യക്തമാക്കി. ''2025ൽ ബിഹാറിലെ ജനങ്ങൾ തേജസ്വിയെ ഒരു ബദലായി കാണുന്നു. തേജസ്വിയുടെ നേതൃത്വത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം തൻ്റെ നേതൃപാടവം തെളിയിച്ചു കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ യഥാസമയം നടക്കുമെന്ന് ഝാ അറിയിച്ചു. സഖ്യകക്ഷികളുടെ മുതിർന്ന നേതാക്കൾ ഒരുമിച്ച് സീറ്റ് നിശ്ചയിക്കും. അതിനുമുമ്പ് അതാത് പാർട്ടികൾ തങ്ങളുടെ ഉന്നത നേതാക്കളുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മാന്യമായ സീറ്റുകൾ ലഭിക്കുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ് നേരത്തെ പറഞ്ഞിരുന്നു. 2020ലെ തെരഞ്ഞെടുപ്പിൽ 70 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. ഇതിൽ 19 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. അതേസമയം, മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള ആർജെഡിയും കോൺഗ്രസും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പരിഹാസവുമായി രംഗത്തെത്തി. നിരവധി വെല്ലുവിളികൾക്കിടയിലും ഇരുമുന്നണികളും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിതീഷ് കുമാറുമായി താരതമ്യപ്പെടുത്തുമ്പോൾ തേജസ്വി അനുഭവപരിചയമില്ലാത്തയാളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം 2025 ലെ യഥാർഥ മത്സരം ജെഡിയുവിൻ്റെ മുൻകാല പ്രകടനം മെച്ചപ്പെടുത്തുന്നതായിരിക്കുമെന്നും അവകാശപ്പെട്ടു.
നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലുള്ള തർക്കത്തെക്കുറിച്ച് ബിജെപി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ പ്രതികരിച്ചു. 2025ൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ആർജെഡിയല്ല പാർട്ടി നേതൃത്വമാണ് കോൺഗ്രസിൻ്റെ ഭാവി തീരുമാനിക്കുകയെന്നും ഹുസൈൻ വിമർശിച്ചു. തെരഞ്ഞെടുപ്പിൽ 25-ലധികം സീറ്റുകൾ നേടാൻ മഹാസഖ്യം കഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

