ജാതി മാറി വിവാഹം കഴിച്ചു; 19കാരിയെ കൊലപ്പെടുത്തി വീട്ടുകാര്, ബിഹാറിനെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ചുരുളഴിച്ച് ഭര്ത്താവ്
സോഷ്യൽ മീഡിയയിൽ ഭർത്താവ് നടത്തിയ പോരാട്ടത്തിന് ഒടുവിൽ നീതി

ബിഹാർ: ബിഹാറിലെ മുസാഫർപൂരിൽ 19 വയസ്സുകാരിയായ സുജാത എന്ന യുവതിയെ സ്വന്തം കുടുംബാംഗങ്ങൾ ദുരഭിമാനക്കൊലയുടെ പേരിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ചുരുളഴിച്ച് ഭർത്താവ്. 2026 ജനുവരിയിലായിരുന്നു സുജാതയും ഗൗരിശങ്കറും വിവാഹിതരായത്. ജാതി മാറി വിവാഹം കഴിച്ചത് വീട്ടുകാരിൽ എതിർപ്പുണ്ടാക്കിയെങ്കിലും എതിർപ്പ് മറികടന്നായിരുന്നു വിവാഹം. തുടർന്ന് മാർച്ച് 31ന് സുജാതയെ കാണാതാവുകയായിരുന്നു. സംഭവത്തിൽ തങ്ങൾക്കൊന്നും അറിയില്ലെന്നായിരുന്നു സുജാതയുടെ വീട്ടുകാരുടെ വാദം. തുടർന്നാണ് ഭർത്താവ് ഗൗരിശങ്കർ പൊലീസിൽ പരാതി നൽകുന്നത്.
ഏതാണ്ട് രണ്ട് മാസത്തോളം ഭാര്യയെക്കുറിച്ച് ഇയാൾക്ക് വിവരങ്ങളൊന്നും ലഭിച്ചില്ല. ഭാര്യയെ വീട്ടുകാർ അപായപ്പെടുത്തിയതാവാമെന്ന് ഉറപ്പിച്ച ഗൗരിശങ്കർ, നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വൈകാരികമായി വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെയാണ് കേസിന് ശ്രദ്ധ ലഭിക്കുന്നത്. അന്വഷണത്തിൽ സുജാതയുടെ സഹോദരൻ പിടിയിലായി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം ബുധി ഗണ്ഡക് നദിക്കരയിൽ കൊണ്ടുപോയി കത്തിച്ചതായി ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വന്തം ജാതിക്ക് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചതിലുള്ള ദേഷ്യമാണ് ദുരഭിമാനക്കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി.
കൊലപാതകത്തിൽ അഞ്ചിലധികം കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്നും അന്വഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ച് അന്വഷണം ആരംഭിച്ചിട്ടുണ്ട്. ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

