Quantcast

ബിഹാറിൽ മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു

ഗ്രാമത്തിൽ സമീപകാലത്തുണ്ടായ മരണങ്ങൾക്ക് കാരണം കുടുംബത്തിന്റെ മന്ത്രവാദമാണെന്ന് ആരോപിച്ചാണ് കൊലപാതകം.

MediaOne Logo

Web Desk

  • Published:

    7 July 2025 9:23 PM IST

Bihar villagers kill, burn 5 of family over suspected witchcraft
X

പട്‌ന: ബിഹാറിലെ പൂർണിയയിൽ മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. ഗ്രാമത്തിൽ സമീപകാലത്തുണ്ടായ മരണങ്ങൾക്ക് കാരണം കുടുംബത്തിന്റെ മന്ത്രവാദമാണെന്ന് ആരോപിച്ചാണ് കൊലപാതകം.

ബാബുലാൽ ഓറോൺ, സീതാ ദേവി, മൻജീത് ഓറോൺ, റാനിയ ദേവി, താപ്‌തോ മോസ്മത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കുടുംബത്തിലെ ഒരു കുട്ടി മാത്രമാണ് കൂട്ടക്കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഗ്രാമത്തിലെ മുഴുവനാളുകളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കുട്ടി പൊലീസിനോട് പറഞ്ഞു.

തെത്ഗമ ഗ്രാമവാസിയായ രാംദേവ് ഓറോണിന്റെ മകൻ മൂന്ന് ദിവസം മുമ്പ് മരിച്ചിരുന്നു. കുടുംബത്തിലെ മറ്റൊരു കുട്ടിയും രോഗബാധിതനായിരുന്നു. ഇതിന് ഉത്തരവാദികൾ കൊല്ലപ്പെട്ട കുടുംബമാണെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് രംഗത്തെത്തി. രണ്ട് ദിവസം മുമ്പ് സിവാനിൽ നടന്ന കൂട്ടക്കൊലയിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ബുക്‌സറിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഭോജ്പൂരിലും മൂന്നുപേർ കൊല്ലപ്പെട്ടു. കുറ്റവാളികൾ ഉണർന്നിരിക്കുമ്പോൾ മുഖ്യമന്ത്രി അബോധാവസ്ഥയിലാണെന്ന് തേജസ്വി പറഞ്ഞു.

TAGS :

Next Story