100 പേർക്ക് പകരം വന്നത് 200 പേർ; ഭക്ഷണത്തിൽ വയറിളക്ക മരുന്ന് ചേര്‍ത്ത് വധുവിന്‍റെ പിതാവ്, വിരുന്നിന് പിന്നാലെ അതിഥികളുടെ പരക്കംപാച്ചിൽ
വരന്‍റെ വീട്ടിൽ നിന്നും 100 പേരെയാണ് വധുവിന്‍റെ കുടുംബം പ്രതീക്ഷിച്ചിരുന്നത്

പറ്റ്ന: വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും സാധാരണയായി അധിക ഭക്ഷണം കരുതുകയാണ് പലരും ചെയ്യാറുള്ളത്. പലപ്പോഴും ഈ ഭക്ഷണം ബാക്കിയാവുകയും ചെയ്യാറുണ്ട്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ അതിഥികൾ എത്തിയാൽ എന്തുചെയ്യും? ബിഹാറിൽ 100 പേര്‍ പ്രതീക്ഷിച്ച ഒരു കല്യാണത്തിന് 200 പേര്‍ എത്തിയതിനെ തുടര്‍ന്ന് വധുവിന്‍റെ പിതാവ് ചെയ്ത പ്രവൃത്തി അതിഥികളെയാകെ കുഴപ്പത്തിലാക്കി.
വരന്‍റെ വീട്ടിൽ നിന്നും 100 പേരെയാണ് വധുവിന്‍റെ കുടുംബം പ്രതീക്ഷിച്ചിരുന്നത്. ഇവര്‍ക്കായി ഭക്ഷണവും തയ്യാറാക്കി. എന്നാൽ എത്തിയത് 200 പേരായിരുന്നു. ഇതോടെ വധുവിന്‍റെ പിതാവിന് ടെൻഷനായി. കോപാകുലനായ പിതാവ് ഭക്ഷണത്തിൽ വയറിളക്ക മരുന്ന് ചേര്‍ത്ത് അതിഥികൾക്ക് വിളമ്പി. ഭക്ഷണത്തിന് പിന്നാലെ വരന്‍റെ വീട്ടുകാര്‍ക്ക് വയറിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. വെള്ളക്കുപ്പികളുമായി അടുത്തുള്ള വയലുകളിലേക്ക് തുറസ്സായ സ്ഥലങ്ങളിലേക്കും അവര്‍ ഓടാൻ തുടങ്ങി. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
ആളുകൾ ശുചിമുറികൾ തേടി പല ദിശകളിലേക്കും ഓടിയതായും പ്രാദശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ വധുവിന്‍റെ പിതാവിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അപ്രതീക്ഷിതമായി അതിഥികൾ കൂടുന്നത് ആരെയും സമ്മര്‍ദ്ദത്തിലാക്കുമെന്ന് ചിലര്‍ പ്രതികരിച്ചു. എന്നാൽ തമാശക്കോ ദേഷ്യത്തിനോ പോലും ഭക്ഷണത്തിൽ ദോഷകരമായ വസ്തുക്കൾ ചേര്‍ക്കരുതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
Adjust Story Font
16

