Quantcast

അയല്‍വാസിയായ കുഞ്ഞിന് തലച്ചോറിന് രോഗം ബാധിച്ചത് മന്ത്രവാദം മൂലമെന്ന് ആരോപണം; യുവതിയെ അടിച്ചുകൊന്ന് വീട്ടുകാര്‍

ഇഷ്ടിക, കല്ല്, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് കുടുംബങ്ങളുടെ ആരോപണം

MediaOne Logo
അയല്‍വാസിയായ കുഞ്ഞിന് തലച്ചോറിന് രോഗം ബാധിച്ചത് മന്ത്രവാദം മൂലമെന്ന് ആരോപണം; യുവതിയെ അടിച്ചുകൊന്ന് വീട്ടുകാര്‍
X

പട്ന: അന്ധവിശ്വാസത്തിന്‍റെ പേരില്‍ യുവതിയെ അടിച്ചൊന്ന് അയല്‍വാസികള്‍.ബിഹാറിലെ നവാഡ ജില്ലയിലാണ് ഈ ക്രൂരമായ സംഭവം നടന്നത്.അയല്‍വാസിയായ കുഞ്ഞിന് തലച്ചോറിന് ഗുരുതരമായ രോഗം വന്നത് 35കാരിയായ കിരൺ ദേവി മന്ത്രവാദം നടത്തിയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം നടത്തിയത്. രോഗം ബാധിച്ച കുട്ടിയുടെ പിതാവും ബന്ധുക്കളുമാണ് കിരണ്‍ദേവിയെ ഇഷ്ടിക, കല്ല്, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് കുടുംബങ്ങളുടെ ആരോപണം.

മുകേഷ് ചൗധരി എന്നയാളുടെ കുഞ്ഞിനാണ് അസുഖം കണ്ടെത്തിയത്. കുട്ടിക്ക് തലച്ചോറുമായി ബന്ധപ്പെട്ട രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. കുട്ടിക്ക് അസുഖം വരാന്‍ കാരണം കിരണ്‍ദേവിയാണെന്ന് അയല്‍വാസികള്‍ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട യുവതി മന്ത്രവാദം നടത്തുകയും ദുഷ്പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്നും അയല്‍ക്കാര്‍ പറയുന്നു. പിന്നാലെയാണ് കുട്ടിയുടെ പിതാവായ മുകേഷ് ചൗധരി,ബന്ധുക്കളായ മഹേന്ദ്ര ചൗധരി, നടു ചൗധരി, ശോഭ ദേവി എന്നിവര്‍ ചേര്‍ന്ന് യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ കിരണ്‍ദേവിയുടെ രണ്ട് സഹോദരഭാര്യമാര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റ യുവതികളെ സബ് ഡിവിഷണൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഇവര്‍ പ്രഥമശുശ്രൂഷ നൽകിയെങ്കിലും അമിതമായ രക്തസ്രാവം കണ്ടതിനെത്തുടർന്ന് അവരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ കിരൺ ദേവി വഴിമധ്യേ മരിക്കുകയായിരുന്നു. കിരൺ ദേവിക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.

പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും നവാഡയിലെ രജൗളി സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത് കുമാർ പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇരുവിഭാഗത്തിൽ നിന്നുമായി നാലോ അഞ്ചോ പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് നവാഡ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ആദ്യമായല്ല. ഒന്നര വർഷം മുമ്പ്, രജൗളിയിൽ ഒരു സ്ത്രീയെ മന്ത്രവാദിനി എന്ന് മുദ്രകുത്തി ജീവനോടെ കത്തിച്ചിരുന്നു. 2025 ആഗസ്റ്റിൽ നവാഡയിലെ ഹിസുവ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് ദമ്പതികൾ ആക്രമിക്കപ്പെട്ടു, അതിൽ ഭർത്താവ് മരിക്കുകയും ഭാര്യയെ ജീവനോടെ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story