എപ്സ്റ്റീന്‍ ഫയല്‍സ്: എഐ ഉച്ചകോടിക്ക് ബിൽ ഗേറ്റ്സ് ഇല്ല; സ്ഥിരീകരിച്ച് സംഘാടകർ
എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിൽ ഗേറ്റ്‌സും പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെയാണ് എഐ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന തീരുമാനം വരുന്നത്

- Published:
19 Feb 2026 10:10 AM IST

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് സംഘാടകർ.
ബിൽ ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംഘടനയുടെ ആഫ്രിക്ക, ഇന്ത്യ മേഖല പ്രസിഡന്റ് അങ്കുർ വോറ പങ്കെടുക്കും. അദ്ദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉച്ചകോടിയിൽ സംസാരിക്കും. അതേസമയം ഇന്ത്യയിലെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ പ്രതിബന്ധതയോടെ തുടർന്നുകൊണ്ടുപോകുമെന്നും ഗേറ്റ്‌സ് ഫൗണ്ടേഷൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിൽ ഗേറ്റ്‌സും പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെയാണ് എഐ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന തീരുമാനം വരുന്നത്. എന്നാൽ ഈ കാരണം കൊണ്ടാണ് പിന്മാറുന്നതെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കുന്നില്ല.
എപ്സ്റ്റീൻ വിവാദത്തിൽ കുരുങ്ങിയ ബിൽ ഗേറ്റ്സ് ഉച്ചകോടിക്കെത്തുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വരുന്നില്ലെന്ന തീരുമാനം അറിയിക്കുന്നത്. ബിൽ ഗേറ്റ്സ് ഉച്ചകോടിക്ക് എത്തില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ ഭാരത് മണ്ഡപത്തിലെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നായിരുന്നു ഫൗണ്ടേഷൻ ഇന്നലെ വരെ അറിയിച്ചിരുന്നത്.
ഒന്നിലധികം പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരുന്നു ബിൽ ഗേറ്റ്സിന്റെയും സാന്നിധ്യം നിശ്ചയിച്ചിരുന്നത്. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെന്നിസ് ഹസാബിസ്, മുകേഷ് അംബാനി, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് എന്നിവരോടൊപ്പം അദ്ദേഹം ഇന്ന് സംസാരിക്കേണ്ടതായിരുന്നു.
— Gates Foundation India (@BMGFIndia) February 19, 2026
Adjust Story Font
16
