Quantcast

"സ്ത്രീകളെ അമ്മമാരായാണ് മണിപ്പൂർ ജനത കണക്കാക്കുന്നത്, കേസ് തിരിച്ചറിയും മുൻപ് വീഡിയോ പുറത്തുവന്നു": ന്യായീകരിച്ച് ബിരേൻ സിംഗ്

കേസ് എന്താണെന്ന് കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നതെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-07-21 14:15:53.0

Published:

21 July 2023 1:27 PM GMT

biren singh
X

ഡൽഹി: മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മാധ്യമങ്ങളെ കണ്ട് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സംഭവത്തെ അപലപിക്കുന്നതായി ബിരേൻ സിംഗ് പിടിഐയോട് പറഞ്ഞു.

"സംഭവത്തെ സംസ്ഥാനവ്യാപകമായി അപലപിക്കുന്നു. മണിപ്പൂരിലെ ജനങ്ങൾ സ്ത്രീകളെ അമ്മമാരായാണ് കണക്കാക്കുന്നത്. ചില കുബുദ്ധികൾ നീചമായ രീതിയിലൂടെ ഞങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്"; ബിരേൻ സിംഗ് പറഞ്ഞു.

സംഭവത്തെ അപലപിച്ച് നടത്തിയ പൊതുസമ്മേളനത്തിലും ബിരേൻ സിംഗ് പങ്കെടുത്തു. "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം" എന്നാണ് ബിരേൻ സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞത്. കുറ്റവാളികളെ പിടികൂടാൻ സംസ്ഥാനം എല്ലാ ശ്രമങ്ങളും നടത്തുമെന്നും ബിരേൻ സിംഗ് വാഗ്ദാനം ചെയ്തു.

കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യക്തിപരമായി അന്വേഷണം നിരീക്ഷിച്ച് വരികയാണ്. മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യമാണ് നടന്നത്. കുറ്റവാളികളെ പിടികൂടാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ബിരേൻ സിംഗ് പറഞ്ഞു. കേസ് എന്താണെന്ന് കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നതെന്നും ബിരേൻ സിംഗ് പറഞ്ഞു.

സംസ്ഥാനത്ത് നടന്ന വ്യത്യസ്ത സംഭവങ്ങളിൽ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അതിനിടെ ഈ പ്രത്യേക കേസ് തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവത്തെക്കുറിച്ചുള്ള വീഡിയോ പെട്ടെന്ന് പുറത്തുവന്നത്; കേസിലെ പ്രധാന പ്രതികളിൽ ഒരാളുടെ അറസ്റ്റ് പ്രഖ്യാപിച്ചുകൊണ്ട് ബിരേൻ സിംഗ് പറഞ്ഞു. ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതുകൊണ്ടാണ് ഇന്റർനെറ്റ് നിരോധിച്ചതെന്നും ബിരേൻ സിംഗ് പറയുന്നു.

കേസിലെ പ്രധാന പ്രതിയായ ഹുയിറേം ഹെറോദാസ് മെയ്‌റ്റെയടക്കം നാല് പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പെച്ചി ഗ്രാമത്തിലെ സ്ത്രീകൾ പ്രതിഷേധത്തിനിടെ ഹെറോദാസിന്റെ വീടിന് ഇന്നലെ തീയിട്ടിരുന്നു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംഭവത്തെ അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മണിപ്പൂർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ മണിപ്പൂരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സായുധസേനകൾക്കും പൊലീസിനും കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

കേസിലെ മറ്റ് പ്രതികളെ കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിനെതിരെ അക്രമത്തിനിരയായ യുവതി രംഗത്തെത്തിയിരുന്നു. ആക്രമണത്തിന് അവസരം ഒരുക്കിയത് പൊലീസാണെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍ രംഗത്തെത്തി. ചുരാചന്ദ്പുരിൽ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ആഗോളതലത്തിൽ പോലും രൂക്ഷവിമർശനമാണ് ഉയരുന്നത്. തുടർന്ന് സുപ്രിംകോടതി സ്വമേധയാ ഇടപെടുക കൂടി ചെയ്തതോടെ മണിപ്പൂർ വിഷയത്തിൽ മാസങ്ങളായി തുടരുന്ന മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ആക്രമണം നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു.

മോദിയുടേത് മുതലക്കണ്ണീരാണെന്നും മണിപ്പൂർ ജനതയുടെ വേദനയറിയാൻ പ്രധാനമന്ത്രിക്ക് 79 ദിവസങ്ങളോളം വേണ്ടിവന്നുവെന്നും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു. പിന്നാലെയാണ് ബിരേൻ സിംഗും രംഗത്തെത്തിയത്.

TAGS :

Next Story