വിവാഹം കഴിക്കാൻ ഘോഷയാത്രയായെത്തി ഗോരക്ഷാ ഫോഴ്‌സ് നേതാവ് ബിട്ടു ബജ്‌രംഗി; വധു മുങ്ങി
2023ൽ ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ബിട്ടു ബജ്‌രംഗി

- Published:
23 Feb 2026 10:41 AM IST

ചണ്ഡിഗഢ്: ഗോരക്ഷാ ഫോഴ്‌സ് തലവൻ ബിട്ടു ബജ്‌രംഗിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി. ബിട്ടുവിന്റെ അയൽവാസിയുടെ ബന്ധുവായ ബണ്ടിയാണ് യുവതിയെ പരിചയപ്പെടുത്തി വിവാഹവാഗ്ദാനം നൽകി പണം തട്ടിയത്. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഫരീദാബാദിലെ ഗാസിപൂരിൽ പച്ചക്കറി വ്യാപാരിയായ ബിട്ടു തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അയൽവാസിയോട് പറഞ്ഞു. തുടർന്നാണ് ബന്ധുവായ ബണ്ടിയെ അയൽവാസി ബിട്ടുവിന് പരിചയപ്പെടുത്തിയത്. കുറച്ചുദിവസങ്ങൾക്ക് ശേഷം ബണ്ടി റാണി എന്ന സ്ത്രീയെ ബിട്ടു ബജ്‌റംഗിക്ക് പരിചയപ്പെടുത്തി. റാണി കാണിച്ചുകൊടുത്ത പെൺകുട്ടികളിൽ ഒരാളെ ബിട്ടുവിന് ഇഷ്ടമായി.
2025 സെപ്റ്റംബർ അഞ്ചിന് ബണ്ടിയും റാണിയും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ബിട്ടു ബജ്‌റംഗിയെ കാണാനെത്തി. തുടർന്ന് ഫെബ്രുവരി ഏഴിന് വിവാഹം തീരുമാനിക്കുകയും ചെയ്തു. വധുവിന് വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ 30,000 രൂപയും ബണ്ടിക്ക് കൈമാറിയിരുന്നു. ഫെബ്രുവരി ഏഴിന് ബിട്ടു ബജ്‌രംഗി വിവാഹ ഘോഷയാത്രയായി അലിഗഢിലെത്തിയപ്പോൾ വധുവിന്റെ വീട്ടിൽ ആരെയും കണ്ടില്ല. ബണ്ടിയുടെയും റാണിയുടെയും മൊബൈലുകളും ഓഫായിരുന്നു. ബിട്ടുവിന്റെ പരാതിയിൽ ബണ്ടി, റാണി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ബിട്ടു ബജ്‌രംഗി എന്നറിയപ്പെടുന്ന രാജ് കുമാർ സ്വയം പ്രഖ്യാപിത ഗോരക്ഷകനും ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഗോ രക്ഷാ ബജ്രംഗ് ഫോഴ്സ്' നേതാവുമാണ്. 2023 ജൂലൈ 31-ന് നൂഹിൽ 'ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്ര'ക്കിടെയുണ്ടായ കലാപത്തിന്റെ മുഖ്യ ആസൂത്രകൻ ബിട്ടു ബജ്‌രംഗിയായിരുന്നു.
2023 ആഗസ്റ്റ് 15-ന് ഈ കേസിൽ ബജ്‌രംഗി അറസ്റ്റിലായിരുന്നു. ഘോഷയാത്രയ്ക്കിടെ പൊലീസിന്റെ ഉത്തരവ് ലംഘിച്ച് വാളുകളും തൃശൂലങ്ങളും കൈവശം വെച്ചുവെന്നും, പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നുമാണ് ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ ചുമത്തിയ കുറ്റം.
Adjust Story Font
16
