'തുല്യതാ നിയമങ്ങൾ പിൻവലിക്കണം'; യുജിസി ചട്ടത്തിനെതിരെ ബിജെപി; ഡൽഹിയിൽ സവർണ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം
ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യ ചെയ്‌ത രോഹിത് വെമുല, പായൽ തദ്‌വി എന്നീ വിദ്യാർഥികളുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രിംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്

- Published:
28 Jan 2026 3:10 PM IST

ന്യൂ ഡൽഹി: ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജാതി വിവേചനം ഇല്ലാതാക്കാനുള്ള യുജിസി ചാട്ടത്തിനെതിരെ ബിജെപി. ഡൽഹിയിൽ സവർണ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം. സുപ്രിംകോടതി നിർദേശത്തെ തുടർന്ന് യുജിസി വിജ്ഞാപനം ചെയ്‌ത ചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മനൻ കുമാർ എംപി, ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ മകനും എംഎൽഎയുമായ പ്രതീക് ശരൺ സിങ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൽരാജ് മിശ്രയും പ്രതിഷേധത്തിൽ അണിനിരന്നു.
നിർദേശങ്ങളെ ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതേതുടർന്ന് ലഖ്‌നൗവിലെ ബിജെപിയുടെ 11 ഭാരവാഹികൾ രാജിവച്ചു. യുപി ബറേലി സിറ്റി മജിസ്ട്രേറ്റ് അലങ്കാർ അഗ്‌നിഹോത്രി രാജിവച്ചു. ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത ഹൈദരാബാദ് സർവകലാശാല ഗവേഷകൻ രോഹിത് വെമുല, മെഡിക്കൽ വിദ്യാർഥി പായൽ തദ്‌വി എന്നീ വിദ്യാർഥികളുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രിംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.
വിജ്ഞാപനംപ്രകാരം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യ അവസര കേന്ദ്രം, തുല്യതാ സമിതി, തുല്യതാ സ്ക്വാഡ് എന്നിവ രൂപീകരിക്കണം. പിന്നോക്ക വിഭാഗ വിദ്യാർഥികൾക്ക് നിയമസഹായത്തിനാണ് അഞ്ചുപേരടങ്ങുന്ന തുല്യ അവസര കേന്ദ്രം. പരാതികൾ പരിഹരിക്കാനാണ് തുല്യതാ കമ്മിറ്റി. സ്‌ക്വാഡ് വിവേചനങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ്. പരാതികൾ കേൾക്കാൻ ഹെൽപ് ലൈനും പ്രവർത്തിക്കണം.
Adjust Story Font
16
