മുംബൈ മുനിസിപ്പൽ കോർപറേഷൻ: മേയർ സ്ഥാനത്തിനായി ബിജെപിയും ഷിൻഡെ വിഭാഗവും തമ്മിൽ തർക്കം
ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ ബിജെപിക്ക് സാധിച്ചെങ്കിലും ബിഎംസിയിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല

- Updated:
2026-01-17 16:49:37.0

മുംബൈ: ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) വിജയത്തിന് പിന്നാലെ മഹയൂതി സഖ്യത്തിൽ തർക്കം. മേയർ സ്ഥാനത്തെച്ചൊല്ലി ബിജെപിയും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മിലാണ് തർക്കം. ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ ബിജെപിക്ക് സാധിച്ചെങ്കിലും ബിഎംസിയിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല. 227 സീറ്റുകളുള്ള ബിഎംസി ഹൗസിൽ 89 സീറ്റുകൾ ബിജെപിക്കും 29 സീറ്റുകൾ ഷിൻഡെ വിഭാഗത്തിനും ലഭിച്ചു. ഇവയെ കൂടാതെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് 65 സീറ്റുകളും ലഭിച്ചു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ചുചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന് ഷിൻഡെ വിട്ടുനിന്നതോടെയാണ് മുന്നണിയിലെ തർക്കം പുറത്തറിയുന്നത്. ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാർ എടുക്കുന്ന തീരുമാനങ്ങളോടുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തുന്നതിനാണ് ഷിൻഡെ വിട്ടുനിന്നതെന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല എതിരാളികൾ ഹൈജാക്ക് ചെയ്യാതിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 29 കൗൺസിലർമാരെ ഷിൻഡെ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. വിലപേശലിൽ ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലാത്തതിനാൽ മേയർ തെരഞ്ഞെടുപ്പ് ഈ ആഴ്ചയുണ്ടാവില്ലെന്നാണ് പുതിയതായി പുറത്ത് വരുന്ന വിവരം.
എന്നാൽ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നണിയിലെ തർക്കം തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 'ഞങ്ങൾ ഒരുമിച്ച് ഇരുന്ന് സൗഹാർദ്ദപരമായി തീരുമാനങ്ങളെടുക്കും. മുന്നണിയിൽ ഒരു തർക്കവുമില്ല.' ഫഡ്‌നാവിസ് പറഞ്ഞു. 'പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിസംബോധന ചെയ്യാൻ ഷിൻഡെ ഒരു യോഗം വിളിച്ചിരിക്കാനാണ് സാധ്യത.' ഷിൻഡെ തന്റെ പാർട്ടിയിലെ അംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റിയതിനെക്കുറിച്ച് ഫഡ്‌നാവിസ് പറഞ്ഞു. മഹായൂതി സഖ്യത്തിന്റെ വിജയത്തോടെ 25 വർഷത്തെ താക്കറെ കുടുംബത്തിന്റെ ഭരണത്തിന് കൂടിയാണ് അന്ത്യം കുറിക്കുന്നത്.
Adjust Story Font
16
