'നുണ പറയുന്നതാണ് ബിജെപിയുടെ ദേശീയ നയം, തെളിവ് കൊണ്ടുവരട്ടെ': ത്രിഭാഷ നയത്തിലെ ആരോപണങ്ങളിൽ ബിജെപിയെ വെല്ലുവിളിച്ച് റാവത്ത്
നുണ പറയുന്നതാണ് ബിജെപിയുടെ ദേശീയ നയം. മഷേൽക്കർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധവ് താക്കറെ അംഗീകരിച്ചുവെങ്കിൽ അത് പരസ്യമാക്കണമെന്നും സഞ്ജയ് റാവത്ത്

മുംബൈ: ത്രിഭാഷാ നയത്തെ കുറിച്ച് ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്.
'' നുണ പറയുന്നതാണ് ബിജെപിയുടെ ദേശീയ നയം. മഷേൽക്കർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധവ് താക്കറെ അംഗീകരിച്ചുവെങ്കിൽ അത് പരസ്യമാക്കണം. തെളിവുകള്‍ നമുക്ക് പരസ്യമായ ചർച്ച നടത്താം''- അദ്ദേഹം പറഞ്ഞു. ത്രിഭാഷ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മഷേൽക്കർ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിയായിരിക്കെ ഉദ്ധവ് താക്കറെ അംഗീകരിച്ചിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാർട്ടികളുടെ സമ്മർദത്തെ തുടർന്നാണ് ത്രിഭാഷ നയത്തില്‍ നിന്നും സർക്കാർ പിന്മാറിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 16നാണ് ഇംഗ്ലീഷിനും മറാഠിക്കും പുറമെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി പഠനം കൂടി നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. പിന്നാലെ പ്രതിപക്ഷം ശക്തമായി രംഗത്ത് എത്തുകയായിരുന്നു. അതേസമയം ത്രിഭാഷാ നയം പ്രായോഗികമാണോ എന്നും അത് എങ്ങനെ നടപ്പിലാക്കണമെന്നുമുള്ള കാര്യങ്ങളില്‍ നിർദേശം സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.
Adjust Story Font
16

