Quantcast

ബിജെപി നേതാവിന്റെ ഫാം ഹൗസിൽ കറുപ്പ് കൃഷി; പിടിയിലായതോടെ പുറത്താക്കി പാർട്ടി

ബിജെപി കിസാൻ മോർച്ച സംസ്ഥാന കൺവീനർ വിനയ് താമ്രകർ ആണ് വിവാദത്തിലായിരിക്കുന്നത്

MediaOne Logo
ബിജെപി നേതാവിന്റെ ഫാം ഹൗസിൽ കറുപ്പ് കൃഷി; പിടിയിലായതോടെ പുറത്താക്കി പാർട്ടി
X

ദുർഗ്: ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ ബിജെപി നേതാവിന്റെ ഫാം ഹൗസിൽ കറുപ്പ് കൃഷി കണ്ടെത്തിയതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. ബിജെപി കിസാൻ മോർച്ച സംസ്ഥാന കൺവീനർ വിനയ് താമ്രകർ ആണ് വിവാദത്തിലായിരിക്കുന്നത്. താമ്രകറുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ ഒന്നര ഏക്കറിലധികം വരുന്ന ഭൂമിയിലാണ് കറുപ്പ് കൃഷി കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് താമ്രകറെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

സമോദ ഗ്രാമത്തിലെ ഫാം ഹൗസിലാണ് രഹസ്യമായി കറുപ്പ് കൃഷി നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ വിനയ് താമ്രകർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിലാണ് കൃഷി നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ റെയ്ഡ് നടന്ന സ്ഥലം സന്ദർശിച്ചതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ബിജെപി നേതാവുമായി ബന്ധപ്പെട്ട ഈ ഫാം ഹൗസ് ഏകദേശം 150 ഏക്കറോളം വരുമെന്നും, ഇതിൽ ഭൂരിഭാഗവും സർക്കാർ ഭൂമിയാണെന്നും ബാഗേൽ ആരോപിച്ചു. ഏതൊക്കെ മന്ത്രിമാർക്കും എംഎൽഎമാർക്കുമാണ് ഈ അനധികൃത കൃഷിയിൽ പങ്കുള്ളതെന്ന് സർക്കാർ വെളിപ്പെടുത്തണം. ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇത് നടന്നതെന്നും ബാഗേൽ ആരോപിച്ചു.

പരിശോധനയ്ക്കിടെ സ്ഥലത്ത് തടിച്ചുകൂടിയ ഗ്രാമവാസികളും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. അതേസമയം തനിക്ക് ഈ കൃഷിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിനയ് താമ്രകർ പറയുന്നത്. ഈ ഭൂമി തന്റേതല്ലെന്നും 'അധിയ' (ഷെയർ ക്രോപ്പിങ്) വ്യവസ്ഥയിൽ മറ്റൊരാൾക്ക് നൽകിയതാണെന്നും അവിടെ എന്ത് കൃഷിയാണ് നടക്കുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എങ്കിലും വിവാദം കനത്തതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കിരൺ സിങ് ദേവോയുടെ നിർദേശപ്രകാരം താമ്രകറെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും നീക്കുകയായിരുന്നു.

TAGS :

Next Story