Quantcast

സ്വന്തം പാർട്ടിയിലെ ആരോഗ്യമന്ത്രിക്കെതിരെ ചോദ്യശരങ്ങളുമായി ബിജെപി യുവ എംഎൽഎ: മൈഥിലി താക്കൂറിന് കൈയടിച്ച് പ്രതിപക്ഷവും

മന്ത്രിയുടെ മറുപടിയില്‍ താന്‍ തൃപ്തയല്ലെന്നും മൈഥിലി താക്കൂര്‍ സഭയില്‍ പറഞ്ഞു

MediaOne Logo
സ്വന്തം പാർട്ടിയിലെ ആരോഗ്യമന്ത്രിക്കെതിരെ ചോദ്യശരങ്ങളുമായി ബിജെപി യുവ എംഎൽഎ:  മൈഥിലി താക്കൂറിന് കൈയടിച്ച് പ്രതിപക്ഷവും
X

പട്ന: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന നിലയിൽ ശ്രദ്ധ നേടിയയാളാണ് മൈഥിലി താക്കൂര്‍. നിരവധി ആരാധകരുള്ള ഗായിക കൂടിയായ മൈഥിലി ബിഹാറിലെ അലിനഗർ മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത്. ഇപ്പോഴിതാ ബിഹാര്‍ നിയമസഭയിലെ മൈഥിലിയുടെ ഇടപെടലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

തന്റെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച് ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയോട് മൈഥിലി താക്കൂർ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ താന്‍ തൃപ്തയല്ലെന്നും മൈഥിലി താക്കൂര്‍ സഭയില്‍ പറഞ്ഞു. കഴിഞ്ഞ നടന്ന ബജറ്റ് സമ്മേളനത്തിലാണ് മൈഥിലി ആരോഗ്യമന്ത്രിയെ നിര്‍ത്തിപ്പൊരിച്ചത്.

ആശുപത്രിക്ക് അറ്റകുറ്റപ്പണികൾ മാത്രമാണ് ആവശ്യമെന്നും അത് ജീർണാവസ്ഥയിലല്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന മൈഥിലി താക്കൂർ നിഷേധിച്ചു. താൻ നേരിട്ട് ആശുപത്രി സന്ദർശിച്ചിരുന്നുവെന്നും മൈഥിലി പറയുന്നു. ആശുപത്രിയുടെ മേൽക്കൂര അടര്‍ന്നു വീഴുന്നത് തുടരുകയാണെന്നും ചുവരുകളിൽ ആഴത്തിലുള്ള വിള്ളലുകള്‍ ഉണ്ടെന്നുവെന്നും എംഎല്‍എ പറയുന്നു.

മഴക്കാലത്ത് വാർഡുകളിലേക്ക് വെള്ളം ഒഴുകുന്നു. എന്നിട്ടും രോഗികളെ ഇപ്പോഴും ആ കെട്ടിടത്തിൽ ചികിത്സിക്കുന്നുണ്ടെന്നും ഗർഭിണികളെയും കുട്ടികളെയും പ്രവേശിപ്പിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. ആശുപത്രിയിലെത്തുന്ന ആളുകളുടെ ജീവന് ഭീഷണിയുണ്ടെന്നും എംഎല്‍എ അറിയിച്ചു. ഔദ്യോഗിക രേഖകളിൽ എല്ലാം നേരെയാണെന്ന് പറയുമ്പോഴും, യാഥാർഥ്യം നേരെ വിപരീതമാണെന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്കെതിരെ എംഎല്‍എ ആഞ്ഞടിച്ചപ്പോള്‍ പ്രതിപക്ഷ എംഎൽഎമാർ പിന്തുണച്ച് മേശയിൽ അടിക്കുകയും ചെയ്തു. ഇതോടെ ഭരണകക്ഷിയിലെ ചില അംഗങ്ങൾ അസ്വസ്ഥരായി. ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു.

TAGS :

Next Story