‘ആ ജീവനുകളെ രക്ഷിച്ചത് ഇവർ’; ഡൽഹി ദുരന്തത്തിൽ രക്ഷകരായ മുസ്‌ലിം ചെറുപ്പക്കാരോട് നന്ദി പറഞ്ഞ് ബിജെപി എംഎൽഎ
അഫ്സൽ, മുഹമ്മദ് ഷാറൂഖ്, മുഹമ്മദ് അനീഷ്, മുഹമ്മദ് ആമിർ, മുഹമ്മദ് വസീം എന്നിവരാണ് അപകടസാധ്യത മുന്നിലുണ്ടായിട്ടും രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഈ യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ അരഡസനിലേറെ പേരെ രക്ഷിക്കാനായെന്ന് ബിജെപി എംഎൽഎ എക്സിൽ കുറിച്ചു

- Published:
4 Jun 2026 7:15 PM IST

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 ജീവനുകളാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞത്. 18 വിദേശികൾക്കടക്കം നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. തീനാളങ്ങൾ കെട്ടിടത്തെ വിഴുങ്ങിത്തുടങ്ങിയതിന് തൊട്ടുപിന്നാലെ സ്വജീവൻ പോലും അപകടത്തിലാക്കിക്കൊണ്ട് രക്ഷാപ്രവർത്തനത്തിനിറങ്ങിയ അഞ്ച് മുസ്‌ലിം ചെറുപ്പക്കാരാണ് അപകടത്തിൽ അത്യാഹിതം ലഘൂകരിക്കാൻ മുഖ്യഹേതുവായത്. മരണമുഖവുമായി മല്ലിട്ടുകൊണ്ടിരുന്ന അരഡസനിലേറെ പേരെയാണ് അഞ്ച് യുവാക്കൾ ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റിയത്. ഇതിനോടകം ഇവരെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
ഇപ്പോഴിതാ, ഈ അഞ്ച് ചെറുപ്പക്കാരോടൊന്നിച്ചുള്ള മാളവ്യ നഗർ ബിജെപി എംഎൽഎ സതീഷ് ഉപാധ്യ പങ്കുവെച്ച ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അപകടം മുന്നിലുണ്ടായിട്ടും ഭയാശങ്ക കൂടാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ചെറുപ്പക്കാരെയും അവരെ അഭിനന്ദിക്കാനെത്തിയ എംഎൽഎയ്ക്കും വേണ്ടി കയ്യടിക്കുകയാണ് സമൂഹമാധ്യമ ഹാൻഡിലുകൾ.
'ധീരന്മാർക്ക് സല്യൂട്ട്'ഉപാധ്യായ എക്സിൽ കുറിച്ചു. അഫ്സൽ, മുഹമ്മദ് ഷാറൂഖ്, മുഹമ്മദ് അനീഷ്, മുഹമ്മദ് ആമിർ, മുഹമ്മദ് വസീം എന്നിവരാണ് അപകടസാധ്യത മുന്നിലുണ്ടായിട്ടും രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഈ അഞ്ച് സാധാരണക്കാരായ ചെറുപ്പക്കാരുടെ അകമഴിഞ്ഞ പിന്തുണയോടെയും സഹകരണത്തോടെയുമാണ് കത്തിക്കരിയുകയായിരുന്ന കെട്ടിടത്തിൽ നിന്ന് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം സാധ്യമായതെന്ന് എംഎൽഎ എക്സിൽ കുറിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വജീവനെ കുറിച്ച് ചിന്തിച്ച് സമയം കളയാതെ അവർ ചാടിയിറങ്ങിയെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
അപകടം നടന്നതിന് തൊട്ടുപിന്നാലെ, അയൽവാസികൾ, കടയുടമകൾ, തൊഴിലാളികൾ, തൊട്ടടുത്ത വാടകവീടുകളിലെ അതിഥികൾ എന്നിവരുടെ പിന്തുണയോടെയാണ് രക്ഷാപ്രവർത്തന ദൗത്യം എളുപ്പത്തിലാക്കിയത്. ഹോട്ടലിന് എതിർവശത്തുള്ള തുണിക്കടക്കാരനായ 61കാരൻ റിയാസുദ്ദീന്‍റെ ഇടപെടലും ശ്രദ്ധേയമാണ്. തീ കൂടുതൽ വ്യാപിക്കുന്നെന്ന് മനസിലാക്കിയുടൻ തന്‍റെ കടയിലെ തുണികളെല്ലാം ജനലുകളിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു അദ്ദേഹം. രണ്ട് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടങ്ങൾ അദ്ദേഹത്തിന് മാത്രം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ, പത്തിലേറെ പേരെ മരണത്തിന്‍റെ വക്കിൽ നിന്ന് പുതുജീവിതത്തിലേക്ക് വലിച്ചുകയറ്റാൻ സാധിച്ചതിന്‍റെ സംതൃപ്തിയിലാണ് അദ്ദേഹം.
തീ ആളിപ്പടർന്നത് ശ്രദ്ധയിൽ പെട്ടതിന് തൊട്ടുപിന്നാലെ ഹോട്ടലിലേക്ക് പാഞ്ഞടുക്കുകയായിരുന്നെന്ന് തൊട്ടടുത്ത മാക്സ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ വസീം റാസ പ്രതികരിച്ചു. 'ആദ്യമൊക്കെ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചുപോയി. എന്നാൽ, അധികം വൈകാതെ അതിജീവിതരെ തിരയാനുള്ള ശ്രമമാരംഭിച്ചു. മൂന്നാം നിലയിൽ നിന്ന് പത്ത് പേരെയെങ്കിലും രക്ഷപ്പെടുത്തി സിപിആർ നൽകി വിട്ടയിക്കാൻ സാധിച്ചതിൽ ആശ്വാസമുണ്ട്'. റാസയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തകരും എത്തിയപാടെ പ്രദേശവാസികൾ നൽകിയ അകമഴിഞ്ഞ പിന്തുണയാണ് രക്ഷാപ്രവർത്തനം വേഗത്തിലും എളുപ്പത്തിലുമാക്കിയത്.
'എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിനിൽക്കുകയായിരുന്നു അകത്തെയാളുകൾ. ആകെ പേടിച്ചിരിക്കുകയായിരുന്നു അവർ. ചിലരൊക്കെ സഹായം തേടി അലറിക്കരയുന്നുമുണ്ട്. പലർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ മൃതദേഹം പുറത്തെടുക്കാൻ സഹായിക്കാമോയെന്ന് ചോദിച്ച് കരയുന്നവരെയും അകത്ത് കണ്ടു. ഞങ്ങളെല്ലാവരും കൂടെ ചേർന്ന് അവരെ പുറത്തെടുത്തു. ബെഡ്ഷീറ്റുകളിൽ അവരെ പൊതിഞ്ഞു'. രക്ഷാപ്രവർത്തകരിലൊരാളായ മുഹമ്മദ് ഇസ്റാർ ഖാനെ ഉദ്ദരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്നലെ രാവിലെ 8.50ഓടെയാണ് സൗത്ത് ഡല്‍ഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ലെമണ്‍ ഗ്രീന്‍ ഹോട്ടലിന്റെ ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് റസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മരിച്ച 21 പേരില്‍ 18 പേരും വിദേശികളാണ്. നൈജീരിയ, മൊസാംബിക്, സോമാലിയ, ലൈബീരിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച വിദേശികളെന്നാണ് വിവരം. ഇവരുടെ കാര്യത്തില്‍ വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു.
Adjust Story Font
16
