'നിന്റെ അച്ഛന്റെ വകയാണോ കരേരാ ?' ; അഞ്ചു പേരെ ഇടിച്ചു തെറിപ്പിച്ച കാർ ഓടിച്ചിരുന്ന മകനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ ബിജെപി എംഎൽഎ
അപകടവുമായി ബന്ധപ്പെട്ട പതിവ് ചോദ്യം ചെയ്യലുകൾ മാത്രമാണ് നടന്നത്, ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി

- Published:
21 April 2026 11:16 AM IST

മധ്യപ്രദേശ്: വാഹനാപകടക്കേസിൽ പ്രതിയായ മകനെ ചോദ്യം ചെയ്ത യുവ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയുമായി ബിജെപി എംഎൽഎ. മധ്യപ്രദേശ് ശിവപുരി ജില്ലയിൽ നിന്നുള്ള പിച്ചോർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ പ്രീതം ലോധിയാണ് യുവ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയുമായി രംഗത്തുവന്നത്. ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം എംഎൽഎയുടെ മകൻ ദിനേശ് ലോധി ഓടിച്ചിരുന്ന മഹീന്ദ്ര ഥാർ അഞ്ചു പേരെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഇയാളെ ആയുഷ് ജാഖർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. 'ചോദ്യം ചെയ്യലിനിടെ തന്റെ മകനോട് ഇനി കരേരയിൽ കണ്ടുപോവരുത് എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. കരേര എന്താ ഇയാളുടെ തന്തയുടെ വകയാണോ എന്നാണ് എംഎൽഎ ചോദിക്കുന്നത്. അവൻ കരേരയിലേക്ക് വരികയും ചെയ്യും തെരഞ്ഞെടുപ്പിൽ മത്സരിക്കും ചെയ്യ'ുമെന്ന് എംഎൽഎ പറയുന്നുണ്ട്.
ഏപ്രിൽ 16-ന് നടന്ന ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധി ഓടിച്ചിരുന്ന 'താർ റോക്‌സ്' എസ്യുവി നിയന്ത്രണം വിട്ട് മൂന്ന് യുവാക്കളെയും രണ്ട് യുവതികളെയും ഇടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ദിനേഷിനെ ചോദ്യം ചെയ്യാൻ ആയുഷ് ജാഖർ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ദിനേഷിനെ അപകടം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും മോട്ടോർ വാഹന നിയമപ്രകാരം പിഴ ഈടാക്കുകയും ചെയ്തിരുന്നു.
എന്നാൽ, എംഎൽഎയുടെ ആരോപണങ്ങൾ ഐപിഎസ് ഓഫീസർ ആയുഷ് ജാഖർ നിഷേധിച്ചു. അപകടവുമായി ബന്ധപ്പെട്ട പതിവ് ചോദ്യം ചെയ്യലുകൾ മാത്രമാണ് നടന്നതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിനേഷ് ലോധി വന്ന വാഹനത്തിൽ നമ്പർ പ്ലേറ്റിന് പകരം 'എംഎൽഎ' എന്നും അച്ഛന്റെ പേരും പതിപ്പിച്ച സ്റ്റിക്കറുകളാണ് ഉണ്ടായിരുന്നത്. നിയമവിരുദ്ധമായി പതിച്ച വാഹനത്തിലെ കറുത്ത ഫിലിം നീക്കം ചെയ്യിച്ചതായും പോലീസ് അറിയിച്ചു.
Adjust Story Font
16
