ബദ്‌ലാപൂർ പീഡനക്കേസ് പ്രതിയെ മുനിസിപ്പൽ കോർപറേറ്ററായി നിയമിച്ച് ബിജെപി; പ്രതിഷേത്തിന് പിന്നാലെ രാജി
പീഡനം നടന്ന സ്കൂളിന്റെ സെക്രട്ടറിയായിരുന്ന ആപ്തെയ്‌ക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം മറച്ചുവച്ചതിനാണ് കേസെടുത്തിരുന്നത്.

- Published:
10 Jan 2026 6:09 PM IST

മുംബൈ: ബദ്‌ലാപൂർ ബാലപീഡനക്കേസിലെ പ്രതിയെ മുനിസിപ്പൽ കൗൺസിലിൽ കോർപ്പറേറ്ററായി നിയമിച്ച് ബിജെപി. പീഡനം നടന്ന സ്‌കൂളിൽ അന്ന് സെക്രട്ടറിയായിരുന്ന തുഷാർ ആപ്‌തെയെയാണ് മഹാരാഷ്ട്ര താനെ ജില്ലയിലെ കുൽഗാവ്- ബദ്‌ലാപൂർ മുനിസിപ്പൽ കൗൺസിലിൽ കോർപ്പറേറ്ററായി നിയമിച്ചത്. മറ്റ് നാല് കോർപ്പറേറ്റർമാർക്കൊപ്പമായിരുന്നു ആപ്തെയുടെ നിയമനം.
കൗൺസിൽ ചെയർപേഴ്‌സൺ രുചിത ഘോർപഡെ ആപ്‌തെയുടെ നിയമനം സ്ഥിരീകരിച്ചു. മുനിസിപ്പൽ കൗൺസിലിലെ അഞ്ച് കോ-ഓപ്റ്റഡ് കൗൺസിലർമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വെള്ളിയാഴ്ചയാണ് പൂർത്തിയായത്. ഇവരിൽ രണ്ട് പേരെ ബിജെപിയും രണ്ട് പേരെ ശിവസേനയും ഒരാളെ എൻസിപിയുമാണ് നാമനിർദേശം ചെയ്തത്. സംഭവം വ്യാപക പൊതുജന രോഷത്തിനും വലിയ രാഷ്ട്രീയ പ്രതിഷേധത്തിനും കാരണമായി.
ഇതോടെ ബിജെപി പ്രതിരോധത്തിലാവുകയും ആപ്തെ രാജിവയ്ക്കാൻ നിർബന്ധിതനാവുകയും ചെയ്തു. പോക്‌സോ കേസ് പ്രതിയായ ഒരാളെ കോർപറേറ്ററായി നിയമിച്ചതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. പീഡനം നടന്ന സ്കൂളിന്റെ സെക്രട്ടറിയായിരുന്ന ആപ്തെയ്‌ക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം മറച്ചുവച്ചതിനാണ് കേസെടുത്തിരുന്നത്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരാതി നൽകാത്തതിന് സ്കൂൾ മാനേജ്‌മെന്റിനെതിരെ പോക്സോ നിയമത്തിലെ സെക്ഷൻ 21(2) പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവം നടന്ന് 44 ദിവസത്തിന് ശേഷമാണ് ആപ്തെ അറസ്റ്റിലായത്. എന്നാൽ 48 മണിക്കൂറിനുള്ളിൽ ജാമ്യം ലഭിച്ചു. അതേസമയം, ആപ്തെയെ കോർപറേറ്ററാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ബിജെപി കൗൺസിലർ രാജൻ ഘോർപഡെ രംഗത്തെത്തി.
ആപ്തെ ഒരു സാമൂഹിക പ്രവർത്തകനും പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാരവാഹിയുമാണെന്ന് ഘോർപഡെ പറഞ്ഞു. അദ്ദേഹത്തെ പ്രതിയാക്കിയെങ്കിലും കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. പ്രധാന പ്രതി ഇതിനകം ശിക്ഷിക്കപ്പെട്ടു. ആപ്തെ പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുകയും പാർട്ടി സ്ഥാനാർഥിയുടെ വിജയത്തിന് സംഭാവന നൽകുകയും ചെയ്തയാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ ഉത്തരവാദിത്തം നൽകിയത്- ഘോർപഡെ കൂട്ടിച്ചേർത്തു.
2024 ആഗസ്റ്റിലാണ് ബദ്‌ലാപൂരിലെ ഒരു പ്രശസ്ത സ്കൂളിൽ രണ്ട് പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. സംഭവം അക്കാലത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്കൂളിലെ ശുചിത്വ തൊഴിലാളിയായ അക്ഷയ് ഷിൻഡെയായിരുന്നു പ്രധാന പ്രതി. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. സ്കൂൾ പ്രസിഡന്റ് ഉദയ് കോട്‌വാളിന്റെ സെക്രട്ടറിയായിരുന്ന ആപ്തെയ്ക്കെതിരെ പീഡനം മറച്ചുവച്ചതിന് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Adjust Story Font
16
