'തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ രാഹുൽ ഗാന്ധി രാജിവയ്ക്കണം'; വിമര്‍ശനവുമായി ബിജെപി വക്താവ്
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാജിവെക്കണമെന്നും ഗൗരവ് ഭാട്ടിയ

ന്യൂഡല്‍ഹി: വോട്ടർ പട്ടിക ക്രമക്കേടിലെ വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ നിന്ന് രാജിവയ്ക്കണമെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.
വോട്ടെടുപ്പിൽ വിശ്വാസമില്ലെങ്കിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും , പ്രിയങ്ക ഗാന്ധി വാദ്ര എംപിയും രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗത്വം രാജിവയ്ക്കണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.'രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ രേഖാമൂലമുള്ള തെളിവ് നൽകാൻ വിസമ്മതിക്കുകയും ചെയ്യുന്നു," ഭാട്ടിയ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സത്യസന്ധതയിൽ യാതൊരു സംശയവുമില്ലെന്ന് സുപ്രിംകോടതിയും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കോൺഗ്രസ് നേതാക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ പകുതിയിലധികം സീറ്റുകൾ പ്രതിപക്ഷത്തിന് ഉറപ്പുനൽകാമെന്ന് പറഞ്ഞ് രണ്ടുപേർ തന്നെ സമീപിച്ചിരുന്നതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. താൻ അവരെ രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ, തങ്ങൾ രണ്ടുപേരും ഇത് തങ്ങളുടെ വഴിയെല്ലെന്ന് പറഞ്ഞ് അവരെ മടക്കിയെന്നും ശരദ് പവാർ പറഞ്ഞു.
Adjust Story Font
16

