Quantcast

ചരിത്രത്തിലാദ്യമായി തുടർഭരണം; ഉത്തരാഖണ്ഡിൽ ബി.ജെ.പി യുടെ തേരോട്ടം

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടെങ്കിലും ഉത്തരാഖണ്ഡിൽ ബി.ജെ.പി വന്‍മുന്നേറ്റമാണുണ്ടാക്കിയത്

MediaOne Logo

Web Desk

  • Published:

    10 March 2022 11:24 AM GMT

ചരിത്രത്തിലാദ്യമായി തുടർഭരണം; ഉത്തരാഖണ്ഡിൽ ബി.ജെ.പി യുടെ തേരോട്ടം
X

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടെങ്കിലും ഉത്തരാഖണ്ഡിൽ ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പായി. 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണകൂടത്തിന് അധികാരത്തുടർച്ചയുണ്ടാവുന്നത്. നിലവിൽ ബി.ജെ.പി 48 സീറ്റുകളിലും കോൺഗ്രസ് 18 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്.

2017 ൽ 57 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. ഇക്കുറി ആ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും എക്‌സിറ്റ് പോൾഫലങ്ങളെ ശരിവക്കുന്ന തരത്തിലായിരുന്നു ബി.ജെ.പിയുടെ പ്രകടനങ്ങൾ.

രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചരിത്രത്തെയാണ് ബി.ജെ.പി തിരുത്തിയെഴുതിയത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പമായിരുന്നു ലീഡുയർത്തിയത്. ഒരു ഘട്ടത്തിൽ ഇരുപാർട്ടികളും 14 വീതം സീറ്റുകളിൽ ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറിയിരുന്നത്. എന്നാല്‍ ഉച്ചയോടെ ചിത്രം മാറി. ലീഡുയര്‍ത്തിയ ബി.ജെ.പി പിന്നീട് ഒരിക്കല്‍ പോലും താഴേക്ക് പോയില്ല.

ബിജെപിക്കുള്ളിലെ കലുഷിതാന്തരീക്ഷം മുതലെടുക്കാമെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതീക്ഷകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പി ഉത്തരാഖണ്ഡില്‍ അവതരിപ്പിച്ചത്. ത്രിവേന്ദ സിങ് റാവത്തിനും തീരഥ് സിങ് റാവത്തിനും ശേഷമാണ് പുഷ്‌കർ സിങ് ധാമി മുഖ്യമന്ത്രിയാവുന്നത്. ബി.ജെ.പിക്കുള്ളിലെ ഈ പ്രശ്നങ്ങളെ മുതലെടുക്കാന്‍ മുൻ മുഖ്യമന്ത്രി ഹരീഷ് സിങ് റാവത്തിനെ മുൻനിർത്തിയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഹരീഷ് റാവത്തടക്കം ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്‍റെ പ്രമുഖരൊക്കെ പരാജയമേറ്റുവാങ്ങി.

മുഖ്യമന്ത്രിമാരെ വീണ്ടും അധികാരത്തിലേറ്റി ശീലമില്ലാത്ത ഉത്തരാഖണ്ഡ് വീണ്ടും ആ ചരിത്രമാവര്‍ത്തിച്ചു. കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിനാണ് നിലവിലെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പരാജയമേറ്റു വാങ്ങിയത്.


TAGS :

Next Story