Quantcast

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ്: ബി.ജെ.പി ചെലവഴിച്ചത് 340 കോടി രൂപ ; 2017നെക്കാള്‍ 58 ശതമാനം വർധന

221.32 കോടിയാണ് യു.പിയിൽ മാത്രം ചെലവഴിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-22 05:08:58.0

Published:

22 Sep 2022 4:59 AM GMT

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ്: ബി.ജെ.പി ചെലവഴിച്ചത് 340 കോടി രൂപ ; 2017നെക്കാള്‍  58 ശതമാനം വർധന
X

ന്യൂഡൽഹി: ഈ വർഷമാദ്യം നടന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായുള്ള പ്രചാരണങ്ങൾക്കായി ബിജെപി ചെലവഴിച്ചത് 344.27 കോടിരൂപ. 2017 ൽ ഇതേസംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 218.26 കോടി രൂപയാണ് ബി.ജെ.പി ചെലവഴിച്ചത്. ഏകദേശം 58 ശതമാനത്തിലധികം വർധനയാണ് അഞ്ചുവർഷത്തിനുള്ളിൽ സംഭവിച്ചത്.

നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണം,പൊതുയോഗങ്ങൾ,പരസ്യങ്ങൾ,ജാഥകൾ ഇവയ്ക്കാണ് കൂടുതലും തുക ചെലവായത്. വെർച്വൽ പ്രചാരണത്തിന് മാത്രമായി 12 കോടിയോളവും ചെലവഴിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ്ഈ കണക്കുകളുള്ളത്. യു.പിയിലാണ് ഏറ്റവും കൂടുതല്‍ തുക ബി.ജെ.പി ചെലവാക്കിയത്. ഏകദേശം 221.32 കോടിയാണ് യു.പിയിൽ മാത്രം ബി.ജെ.പി പണമെറിഞ്ഞത്. എന്നാൽ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവിടെ പാർട്ടി അധികാരത്തിലെത്തിയത്. 2017 നെ അപേക്ഷിച്ച് 26 ശതമാനത്തിലധികമാണ് 2022ൽ ചെലവഴിച്ചത്.

പഞ്ചാബിൽ 36.70 കോടി രൂപയും മണിപ്പൂരിൽ 23.52 കോടിയും, ഉത്തരാഖണ്ഡിൽ 43.67 കോടിയും ഗോവയിൽ 19.07 കോടി രൂപയുമാണ് ഈ വർഷം പാർട്ടി ചെലവിട്ടത്. ഇതിൽ പഞ്ചാബിലും ഗോവയിലുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചിരട്ടിയോളം തുക ചെലവിട്ടത്. ഇത്രയും തുക ചെലവിട്ടിട്ടും പഞ്ചാബിൽ രണ്ടുസീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 2017 ൽ ഒരു സീറ്റും നേടിയിരുന്നു. ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.

ഈ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവിൽ കോൺഗ്രസിനും വൻ വർധവാണുള്ളത്. 2022ൽ 194.80 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്. 2017ൽ ഇത് 108.14 കോടി രൂപയായിരുന്നു. അഞ്ചുവർഷത്തിന് ശേഷം ചെലവിൽ 80 ശതമാനത്തോളം വർധനവാണ് കോൺഗ്രസിനുണ്ടായത്. കോൺഗ്രസ് ഓരോ സംസ്ഥാനങ്ങളിലും ചെലവഴിച്ച തുകയുടെ കണക്കുകൾ ലഭ്യമല്ല.എന്നാൽ വെർച്വൽ പ്രചാരണത്തിനായി 15.67 കോടിയോളം ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story