Quantcast

തമിഴ്‌നാടിന്റെ പേര് ദക്ഷിണപ്രദേശ് എന്നാക്കാൻ ബിജെപി മടിക്കില്ല; ദ്രാവിഡ മോഡൽ ഭരണം 'സൂപ്പർ ഫാസ്റ്റ് എഞ്ചിൻ'- എം.കെ സ്റ്റാലിൻ

'എഐഎഡിഎംകെയുടെ കൈകളിൽ പൗരത്വ ഭേദഗതി നിയമത്തിൻ്റെ രക്തക്കറയുണ്ട്'

MediaOne Logo
തമിഴ്‌നാടിന്റെ പേര് ദക്ഷിണപ്രദേശ് എന്നാക്കാൻ ബിജെപി മടിക്കില്ല; ദ്രാവിഡ മോഡൽ ഭരണം സൂപ്പർ ഫാസ്റ്റ് എഞ്ചിൻ- എം.കെ സ്റ്റാലിൻ
X

കരൂർ: തമിഴ്നാട്ടിൽ ബിജെപിയും സഖ്യകക്ഷികളും അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ പേര് 'ദക്ഷിണ പ്രദേശ്' എന്ന് മാറ്റാൻ അവർ മടിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ. ബുധനാഴ്ച തിരുച്ചിറപ്പള്ളിയിലെ തെന്നൂർ ഉഴവർ ചന്തയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിൻ്റെ തനതായ സ്വത്വം സംരക്ഷിക്കപ്പെടണം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ അക്രമങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. തമിഴ്നാട് അത്തരമൊരു അവസ്ഥയിലേക്ക് മാറാൻ അനുവദിക്കരുതെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു.

ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ എന്ന പ്രഖ്യാപനത്തെ 'ഡബ്ബ എഞ്ചിൻ' എന്ന് പരിഹസിച്ച സ്റ്റാലിൻ, ദ്രാവിഡ മോഡൽ ഭരണം 'സൂപ്പർ ഫാസ്റ്റ് എഞ്ചിൻ' ആണെന്നും അത് ബിജെപിക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ച തമിഴ്നാട്ടിൽ താമസിച്ച് ഇവിടുത്തെ വികസന മാതൃകയും ഭരണനേട്ടങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എഐഎഡിഎംകെ ബിജെപി മുഖംമൂടി അണിഞ്ഞാണ് പ്രവർത്തിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.

'എഐഎഡിഎംകെയുടെ കൈകളിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ രക്തക്കറയുണ്ട്. രാജ്യസഭയിൽ അവർ സിഎഎ-യെ പിന്തുണച്ചതു കൊണ്ടാണ് അത് പാസ്സായത്. അന്ന് നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ആക്രമിക്കപ്പെടുകയും 70-ഓളം പേർ കൊല്ലപ്പെടുകയും ചെയ്തുവെന്നും എം.കെ. സ്റ്റാലിൻ. മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാൻ തമിഴ്നാടിന്റെ താൽപ്പര്യങ്ങൾ ബിജെപിക്ക് പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിഎഎ-യെ എതിർത്ത പളനിസ്വാമി ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിൻ വെല്ലുവിളിച്ചു.

മധുരയിൽ നടന്ന ബിജെപി റാലിയിൽ നിന്ന് പെരിയാർ ഇ.വി. രാമസാമിയുടെ കട്ടൗട്ട് നീക്കം ചെയ്തത് എഐഎഡിഎംകെയുടെ അടിമത്ത മനോഭാവത്തിന് തെളിവാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കും. വി. സെന്തിൽ ബാലാജിയെ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലേക്ക് മാറ്റിയതിനെക്കുറിച്ചും സ്റ്റാലിൻ പ്രതികരിച്ചു.കരൂരിൽ നേരത്തെ തന്നെ വിജയം ഉറപ്പാക്കിയ ബാലാജിക്ക് ഇനി കോയമ്പത്തൂരിന്റെ ചുമതലയാണെന്നും, ഇത്തവണ കരൂരും കോയമ്പത്തൂരും ഉൾപ്പെടെ തമിഴ്നാട് മുഴുവൻ ഡിഎംകെ പിടിച്ചെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

TAGS :

Next Story