Quantcast

ചരക്കുലോറി പോകുന്നതിനിടെ പാലം തകര്‍ന്നുവീണു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

പാലം തകർന്നുവീണ സംഭവത്തെ തൃണമൂൽ കോൺഗ്രസിനെതിരായ ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് ബിജെപി

MediaOne Logo
ചരക്കുലോറി പോകുന്നതിനിടെ പാലം തകര്‍ന്നുവീണു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ
X

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ കൂച്ച് ബിഹാറില്‍ ചരക്കുലോറി കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നുവീണു. പാലം രണ്ടായി തകര്‍ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഡ്രൈവറെ ഉടന്‍ രക്ഷപ്പെടുത്തി പ്രാഥമിക പരിചരണം നല്‍കി വിട്ടയച്ചു. മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള്‍ പ്രതികരിച്ചു.

'ഹെവി വാഹനങ്ങള്‍ പതിവായി പോകുന്ന പാതയാണ്. ഇതുപോലൊരു അപകടം ഒരുപാട് കാലംമുന്‍പേ പ്രതീക്ഷിച്ചതാണ്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലം തകര്‍ന്നുവീണ സംഭവത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. 'മമതാ ബാനര്‍ജി വെസ്റ്റ് ബംഗാളിനോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വികസനമല്ല, അഴിമതിയാണ് ഇവിടെ വ്യാപകമാകുന്നതെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ എക്‌സിലൂടെ വിമർശിച്ചു.

ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെബാന്‍ഗ്ശു ഭട്ടാചാര്യ രംഗത്തെത്തുകയും ചെയ്തു. 'ഒരു പാലത്തിന്റെ നിര്‍മാണത്തില്‍ നിന്ന് എങ്ങനെയാണ് ടിഎംസിക്ക് അഴിമതി നടത്താനാവുക? ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച പാലങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എത്രയെല്ലാമാണ് തകര്‍ന്നുവീണതെന്ന് അവര്‍ക്ക് പറയാനാകുമോ'? അദ്ദേഹം തിരിച്ചടിച്ചു.

TAGS :

Next Story