Quantcast

'ഡൽഹിയിൽ ബിജെപി വിജയിച്ചതിന് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ': പരിഹസിച്ചും വിമർശിച്ചും ബിആർസ് നേതാവ് രാമറാവു

കോൺഗ്രസിന് ജയിക്കാനായില്ലെന്ന് മാത്രമല്ല പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്തിയെന്നും ഇത് ബിജെപിയെ പരോക്ഷമായി സഹായിക്കുന്നതാണെന്നും റാവു

MediaOne Logo

Web Desk

  • Published:

    8 Feb 2025 4:28 PM IST

ഡൽഹിയിൽ ബിജെപി വിജയിച്ചതിന് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ: പരിഹസിച്ചും വിമർശിച്ചും ബിആർസ് നേതാവ് രാമറാവു
X

ഹൈദരാബാദ്: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചും പരിഹസിച്ചും ബിആർഎസ് വർക്കിങ് പ്രസിഡൻ്റ് കെ.ടി രാമറാവു.

ബിജെപിയെ പരാജയപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഡല്‍ഹിയിലെ ഫലം എന്ന് കെ.ടി രാമറാവു പറഞ്ഞു. കോൺഗ്രസിന് ജയിക്കാനായില്ലെന്ന് മാത്രമല്ല പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്തിയെന്നും ഇത് ബിജെപിയെ പരോക്ഷമായി സഹായിക്കുന്നതാണെന്നും റാവു പറയുന്നു.

രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം എക്സില്‍ കുറിപ്പിടുകയും ചെയ്തു. "ബിജെപിക്ക് വേണ്ടി വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ" എന്നാണ് അദ്ദേഹം എക്‌സ് പോസ്റ്റിൽ കുറിച്ചത്.

കാൽ നൂറ്റാണ്ടിന് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകള്‍ നേടിയാണ് ബിജെപി ജയം ഉറപ്പിച്ചത്. 22 സീറ്റുകളിലാണ് ആംആദ്മി പാർട്ടിയുടെ ലീഡ്. എന്നാല്‍ തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ എല്ലാമായ അരവിന്ദ് കെജ്‌രിവാൾ ബിജെപിയുടെ പർവേഷ് വർമയോട് തോറ്റതും പാര്‍ട്ടിക്ക് കനത്ത പ്രഹരമായി.

മറ്റൊരു പ്രമുഖ നേതാവായ മനീഷ് സിസോദിയയും തോറ്റു. ജംഗ്പുര മണ്ഡലത്തിലായിരുന്നു സിസോദിയയുടെ തോല്‍വി. എന്നാല്‍ മുഖ്യമന്ത്രി അതിഷി, കൽകാജി സീറ്റിൽ വിജയിച്ചു.

TAGS :

Next Story