ബിഹാറിലെ മഹാബോധി മഹാവിഹാര ക്ഷേത്രത്തിന്റെ നടത്തിപ്പ് ബുദ്ധമത സമൂഹത്തിന് കൈമാറണം; നിരാഹാര സമരവുമായി ബുദ്ധ സന്യാസിമാർ
ബുദ്ധമതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിൽ ഒന്നാണ് മഹാബോധി മഹാവിഹാര ക്ഷേത്രം

പാട്ന: ബിഹാറിലെ മഹാബോധി മഹാവിഹാര ക്ഷേത്രത്തിന്റെ നടത്തിപ്പ് ബുദ്ധമത സമൂഹത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം ആരംഭിച്ച് ബുദ്ധ സന്യാസിമാർ. ബുദ്ധനെയും ബുദ്ധമത തത്ത്വചിന്തയെയും ചരിത്രപരമായി വിമർശിക്കുന്ന ബ്രാഹ്മണരെ ക്ഷേത്രത്തിന്റെ നടത്തിപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബുദ്ധ ഭിക്ഷുക്കളും ആക്ടിവിസ്റ്റുകളും വിവിധ സംഘടനകളും ബിഹാറിലെ ബോധ് ഗയയിൽ പ്രതിഷേധം നടത്തുന്നുണ്ട്. ഏകദേശം 20 ദിവസത്തോളമായി ഇവിടെ ഉപവാസ സമരം നടക്കുകയാണ്.
"ഹിന്ദു വേദങ്ങൾ ബുദ്ധനെയും ബുദ്ധമത തത്ത്വചിന്തയെയും വിമർശിക്കുന്നു, മഹാഭാരതം മഗധയെ 'പാപികളുടെ നാട്' എന്ന് പരാമർശിക്കുന്നു. ബുദ്ധനെ നോക്കുന്നത് മരണശിക്ഷ അർഹിക്കുന്ന പാപമായി കണക്കാക്കുന്നു, എന്നിട്ടും എന്തുകൊണ്ടാണ് മഹാബോധി ക്ഷേത്രത്തിന്റെ ഭരണം ബ്രാഹ്മണർ നിയന്ത്രിക്കുന്നത്?," പ്രതിഷേധക്കാർ ചോദിക്കുന്നു.
ബുദ്ധമതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിൽ ഒന്നാണ് മഹാബോധി മഹാവിഹാര ക്ഷേത്രം. 1949 ലെ ബോധ് ഗയ ക്ഷേത്രനിയമപ്രകാരമാണ് നിലവിൽ ക്ഷേത്രത്തിന്റെ നടത്തിപ്പ്. ഇതുപ്രകാരം ക്ഷേത്രത്തിന്റെ മാനേജ്‌മെന്റിൽ ജില്ലാ മജിസ്ട്രേറ്റ് ചെയർമാനുൾപ്പെടെ അഞ്ച് ഹിന്ദു അംഗങ്ങളും നാല് ബുദ്ധമത പ്രതിനിധികളും ആണുണ്ടാവുക. ഈ അസമമായ പ്രാതിനിധ്യം ബുദ്ധമത സമൂഹത്തിന് അവരുടെ ഏറ്റവും പുണ്യസ്ഥലത്തിന്മേലുള്ള സ്വയംഭരണാവകാശം നിഷേധിക്കുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു.
ബുദ്ധൻ ജ്ഞാനോദയം നേടിയ സ്ഥലമായി ആദരിക്കപ്പെടുന്ന മഹാബോധി ക്ഷേത്രം, ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി നിർമ്മിച്ചതയാണ് കണക്കാക്കപ്പെടുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗുരിദ് രാജവംശത്തിലെ ഭക്തിയാർ ഖിൽജിയുടെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളെത്തുടർന്ന് ക്ഷേത്രം നശിപ്പിക്കപെട്ടിരുന്നു. പിന്നീട് ശ്രീലങ്കൻ ബുദ്ധമത പരിഷ്കർത്താവായ അനനഗരിക ധർമ്മപാലന്റെ ശ്രമഫലമായാണ് ക്ഷേത്രം വീണ്ടും കണ്ടെത്തി പുനർ നിർമ്മിച്ചത്. 2002 ൽ ഈ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
Adjust Story Font
16

