Quantcast

മസാലപ്പൊടി എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയത് പണിയായി; ബിസിനസുകാരന്‍ അകത്തുകിടന്നത് 57 ദിവസം, 10 ലക്ഷം നഷ്ടപരിഹാരം

750 ഗ്രാം ആംചൂര്‍ പൊടിയില്‍ 14 ശതമാനം ഹെറോയിനുണ്ടെന്നും ഗരം മസാല പൊടിയില്‍ 10 ശതമാനം എംഡിഇഎ ഉണ്ടെന്നുമായിരുന്നു വിമാനത്താവളത്തിലെ മെഷീന്‍ റിപ്പോര്‍ട്ട് ചെയ്തത്

MediaOne Logo
Businessman Detained For 57 Days Over Spices Mistaken For Narcotics
X

ഭോപ്പാല്‍: വിമാനയാത്രക്കിടെ കൊണ്ടുപോയ ഗരംമസാലയും ആംചൂര്‍ പൊടിയും (മാങ്ങ ഉണക്കി പൊടിച്ചത്) മയക്കുമരുന്നായ ഹെറോയിനാണെന്ന് തെറ്റിദ്ധരിച്ച് ബിസിനസുകാരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. പിടികൂടിയ പൊടികള്‍ പരിശോധിക്കാന്‍ മതിയായ ലാബുകള്‍ സംസ്ഥാനത്ത് ഇല്ലാതിരുന്നതിനാല്‍ കേസില്‍ 57 ദിവസമാണ് ബിസിനസുകാരനായ അജയ് സിങ്ങിന് ജയിലില്‍ കഴിയേണ്ടിവന്നത്. ഇദ്ദേഹം അനുഭവിച്ച മാനസിക സംഘര്‍ഷവും പ്രയാസവും പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

ഡല്‍ഹിയിലേക്ക് പോകാനായി അജയ് സിങ് ഭോപ്പാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് കേസിനാസ്പദ സംഭവം. ലഗേജില്‍ സംശയകരമായ വസ്തുക്കളുണ്ടെന്ന് വിമാനത്താവളത്തിലെ ഇടിഡി പരിശോധനയില്‍ കാണിക്കുകയായിരുന്നു. ബ്രാന്‍ഡഡ് ഗരം മസാലയുടെയും ആംചൂര്‍ പൊടിയുടെയും പാക്കറ്റുകളായിരുന്നു ബാഗിലുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ മയക്കുമരുന്നായ ഹെറോയിനും എംഡിഇഎയും അടങ്ങിയതാണെന്നായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാദം. സിഐഎസ്എഫ് അജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുകയും പാക്കറ്റുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.

റീജിയണല്‍ ഫോറന്‍സിക് ലാബിലേക്ക് പാക്കറ്റുകള്‍ അയച്ചെങ്കിലും 10 ദിവസത്തിന് ശേഷം അവര്‍ ഇത് തിരിച്ചയച്ചു. എംഡിഇഎ തിരിച്ചറിയാനുള്ള സംവിധാനം ലാബില്‍ ഇല്ലെന്നായിരുന്നു വിശദീകരണം. പിന്നീട് ഇത് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. പിടികൂടിയ വസ്തുക്കള്‍ മയക്കുമരുന്ന് അല്ലായെന്ന് ഇവര്‍ പരിശോധനയില്‍ കണ്ടെത്തി. അപ്പോഴേക്കും 57 ദിവസം അജയ് സിങ് ജയിലില്‍ കഴിഞ്ഞിരുന്നു.

ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ അജയ് സിങ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ഇടിഡി മെഷീന്‍ കാനഡയില്‍ നിര്‍മിച്ചതാണെന്നും ഇന്ത്യന്‍ സുഗന്ധദ്രവ്യങ്ങളെ കൃത്യമായി തിരിച്ചറിയാനുള്ള ശേഷിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി. 750 ഗ്രാം ആംചൂര്‍ പൊടിയില്‍ 14 ശതമാനം ഹെറോയിനുണ്ടെന്നും ഗരം മസാല പൊടിയില്‍ 10 ശതമാനം എംഡിഇഎ ഉണ്ടെന്നുമായിരുന്നു വിമാനത്താവളത്തിലെ മെഷീന്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസ് തന്നോട് വളരെ മോശമായി പെരുമാറിയെന്നും അജയ് സിങ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വിമാനത്താവളത്തില്‍ കൃത്യമായ മെഷീനുകള്‍ സ്ഥാപിക്കണമെന്നും അജയ് സിങ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി ഇയാള്‍ക്ക് അനുകൂലമായി വിധിച്ചത്.

TAGS :

Next Story