ഡൽഹി മദ്യനയം: ആം ആദ്മിയെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോർട്ട് നിയമസഭയിൽ
പ്രതിഷേധിച്ച അതിഷി ഉൾപ്പെടെ 12 എംഎൽഎമാരെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി മദ്യനയത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ച് ഡൽഹി സർക്കാർ. റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ചതിന് അതിഷി ഉൾപ്പെടെ ആംആദ്മി പാർട്ടിയുടെ 12 എംഎൽഎമാരെ സഭയിൽനിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്തു. മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നതുൾപ്പെടെ മുൻ സർക്കാരിനെതിരായ കണക്കുകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്.
വിവിധ സര്‍ക്കാര്‍ പരിപാടികളുടെയും സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് റിപ്പോർട്ട് സഭയിൽ വച്ചത്.
അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക വസതിയുടെ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ ആസൂത്രണത്തിലും ടെൻഡറിംഗിലും നടത്തിപ്പിലും വലിയ തോതിലുള്ള ക്രമക്കേടുകൾ ഓഡിറ്റ് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന . 2020-ൽ 7.61 കോടി രൂപയ്ക്ക് ആദ്യം അനുവദിച്ച ചെലവ് 2022 ഏപ്രിലിൽ 342 ശതമാനം വർധിച്ച് 33.66 കോടി രൂപയായി ഉയർന്നുവെന്നും പറയുന്നു.
റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും. റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർനാണ് ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ 12 ആം ആദ്മി പാർട്ടി എംഎൽഎമാര സസ്പെൻഡ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാന തർക്കവിഷയമായിരുന്നു റിപ്പോർട്ട്. അഴിമതി മറച്ചുവെക്കാൻ എഎപി സർക്കാർ ബോധപൂർവം ഓഡിറ്റ് വൈകിപ്പിച്ചെന്നാണ് ബിജെപി ആരോപിച്ചിക്കുന്നത്. സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ചുള്ള കണ്ടെത്തലുകൾ അടിച്ചമർത്താനുള്ള ശ്രമമായാണ് കാലതാമസം ഉണ്ടായതെന്ന് ബിജെപി പറയുന്നു.
പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ വെളിപ്പെടുത്താത്തതിൽ ഡൽഹി ലെഫ്റ്റനൻറ് ഗവർണർ വി.കെ സക്‌സേന നേരത്തെ ആശങ്കയും ഉന്നയിച്ചിരുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ അംബേദ്കറുടെ ചിത്രം മാറ്റിയതിനെതിരെ ആം ആദ്മി പാർട്ടി ഇന്നും പ്രതിഷേധിച്ചു.
Adjust Story Font
16

