അനധികൃത ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്താൻ എല്ലായിടത്തും ഒരേസമയം തെരഞ്ഞെടുത്ത് എന്തിന്? കേന്ദ്രത്തോട് കൊൽക്കത്ത ഹൈക്കോടതി
ബംഗാളി സംസാരിക്കുന്ന ആളുകളെ ദേശീയതയുടെ പേരിൽ ചോദ്യം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും കൊൽക്കത്ത ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കൊല്‍ക്കത്ത: അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശി പൗരന്മാരെ തിരിച്ചറിയുന്ന പ്രക്രിയ എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയം ആരംഭിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. കേന്ദ്ര സർക്കാരിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള പ്രക്രിയ ഒരേസമയം ആരംഭിക്കുന്നതിന് ഈ വർഷം ജൂൺ മാസം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് റീതോബ്രത കുമാർ മിത്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
എന്താണ് ഇതിന് പിന്നിലെ കാരണം? ഇതൊരു ആസൂത്രിത നീക്കമാണോ? ബംഗാളി സംസാരിക്കുന്ന ആളുകളെ കസ്റ്റഡിയിലെടുക്കുന്നുണ്ടെന്ന ആരോപണമുണ്ട്?" ജസ്റ്റിസ് തപബ്രത ചക്രവർത്തി പറഞ്ഞു. ബംഗാളി സംസാരിക്കുന്ന ആളുകളെ ദേശീയതയുടെ പേരിൽ ചോദ്യം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും കൊൽക്കത്ത ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ബംഗാളി സംസാരിക്കുന്നവരെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന് കണ്ടെത്തി പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നാരോപിച്ചുള്ള ഹരജികള്‍ പരിഗണിക്കവെയാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. ഡൽഹിയിൽ ബംഗാളി സംസാരിക്കുന്ന ആളുകളെ ഇത്തരത്തിൽ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഒരു ഹർജി, മറ്റൊന്ന് ഒഡീഷയിലെ സമാനമായ ഒരു സംഭവത്തെക്കുറിച്ചായിരുന്നു.
ബംഗാളി സംസാരിക്കുന്ന എത്ര പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരിൽ എത്ര പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് വ്യക്തമാക്കണമെന്നും വാദത്തിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് കൗൺസിൽ ബന്ദ്യോപാധ്യായ പറഞ്ഞു. എന്നാല്‍ ഡൽഹി പൊലീസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ധീരജ് ത്രിവേദി, ആരോപണങ്ങൾ നിഷേധിച്ചു. ബംഗാളി സംസാരിക്കുന്നു എന്നതിന്റെ പേരിൽ ആരെയും നാടുകടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
125 പേരെ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു, അതിൽ ബംഗ്ലാദേശ് പൗരന്മാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചെന്നും മറ്റുള്ളവരെ വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു. കേസിലെ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് 4 ലേക്ക് മാറ്റി.
Adjust Story Font
16

