Quantcast

ഇഎംഐ മുടങ്ങിയാൽ ബാങ്കുകൾക്ക് നിങ്ങളുടെ മൊബൈൽ ഫോൺ ലോക്ക് ചെയ്യാൻ കഴിയുമോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇങ്ങനെ...

മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി പ്രത്യേകമായി എടുക്കുന്ന വായ്പകൾക്ക് മാത്രമേ നിയന്ത്രണങ്ങൾ ബാധകമാകൂ

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-05-21 13:06:08.0

Published:

21 May 2026 4:34 PM IST

ഇഎംഐ മുടങ്ങിയാൽ ബാങ്കുകൾക്ക് നിങ്ങളുടെ മൊബൈൽ ഫോൺ ലോക്ക് ചെയ്യാൻ കഴിയുമോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇങ്ങനെ...
X

ഡൽഹി: ലോണെടുത്ത് വാങ്ങിയ മൊബൈൽ ഫോൺ, ടാബ്‍ലറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാൽ വായ്പാദാതാക്കൾക്ക് ആ ഫോണിന്റെ പ്രവർത്തനങ്ങൾ വിദൂരമായി നിയന്ത്രിക്കാനോ പ്രവർത്തനരഹിതമാക്കാനോ റിസർവ് ബാങ്ക് അനുമതി നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരിൽ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകൾ പൂർണമായി ബ്ലോക്ക് ചെയ്യാൻ ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ സാധിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കി.

എന്നാൽ, വായ്പ കുടിശ്ശിക ഈടാക്കുന്നതിനായി ഫോണിന്‍റെ ചില പ്രത്യേക ഫീച്ചറുകൾ താൽക്കാലികമായി നിയന്ത്രിക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ടാകും. ബാങ്കുകളുടെയും റിക്കവറി ഏജന്‍റുമാരുടെയും അമിതവും ക്രൂരവുമായ നടപടികൾക്ക് തടയിടാൻ ലക്ഷ്യമിട്ട് ബുധനാഴ്ച പുറത്തിറക്കിയ വായ്പാ തിരിച്ചുപിടിക്കൽ പരിഷ്കരണ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി പ്രത്യേകമായി എടുക്കുന്ന വായ്പകൾക്ക് മാത്രമേ ഈ നിയന്ത്രണങ്ങൾ ബാധകമാകൂ, മറ്റ് ആവശ്യങ്ങൾക്കുള്ള വായ്പകളിൽ ഇത് ബാധകമല്ല. ലോൺ കുടിശ്ശിക 90 ദിവസത്തിലധികം ആയാൽ മാത്രമേ ഫോൺ ഫീച്ചറുകൾ നിയന്ത്രിക്കാൻ ബാങ്കുകൾക്ക് അനുവാദമുള്ളൂ. ഇതിന് മുന്നോടിയായി 60 ദിവസം തികയുമ്പോൾ 21 ദിവസത്തെ സമയപരിധി നൽകി ആദ്യ നോട്ടീസും പിന്നീട് 7 ദിവസത്തെ സമയപരിധി നൽകി രണ്ടാമത്തെ നോട്ടീസും നൽകണം.

ഫോണിലെ ഇന്‍റർനെറ്റ് കണക്ഷൻ, ഇൻകമിങ് കോളുകൾ, എമർജൻസി എസ്ഒഎസ് ഫീച്ചറുകൾ, സർക്കാർ നൽകുന്ന സുരക്ഷാ അറിയിപ്പുകൾ എന്നിവയൊന്നും ബാങ്കുകൾക്ക് തടയാൻ കഴിയില്ല. വായ്പ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി ഉപഭോക്താവിന്‍റെ ഫോണിലുള്ള സ്വകാര്യ വിവരങ്ങളോ ഡാറ്റയോ ശേഖരിക്കാനോ പരിശോധിക്കാനോ ബാങ്കുകൾക്ക് അനുമതിയില്ല.

വായ്പ തുക പൂർമായി തിരിച്ചടച്ചാൽ ഒരു മണിക്കൂറിനകം ഫോണിന്‍റെ നിയന്ത്രണങ്ങൾ ബാങ്കുകൾ പിൻവലിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ അല്ലെങ്കിൽ തെറ്റായ രീതിയിൽ ഫോൺ ഫീച്ചറുകൾ ബ്ലോക്ക് ചെയ്താൽ, ഉപഭോക്താവിന് മണിക്കൂറിന് 250 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനായി ബാങ്ക് ജീവനക്കാരൻ/റിക്കവറി ഏജന്റ് കടം വാങ്ങുന്നയാൾ/ഗ്യാരണ്ടർ എന്നിവരുമായി നടത്തിയ കോളുകളുടെ സമയവും എണ്ണവും രേഖപ്പെടുത്തണമെന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു. കൂടാതെ കോൾ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

വായ്പ തിരിച്ചുപിടിക്കുന്നതിനായി ബാങ്ക് ജീവനക്കാരനോ റിക്കവറി ഏജന്‍റോ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കരുതെന്നും കടം വാങ്ങിയ ആളുടെ വിവരങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ച് അപമാനിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഹോം ക്രെഡിറ്റ് ഫിനാൻസിന്‍റെ 2024 ലെ റിപ്പോർട്ട് അനുസരിച്ച്, വായ്പകൾ വഴി ഫോണുകൾ വാങ്ങുന്നത് ഇന്ത്യയിൽ വളർന്നുവരുന്ന ഒരു പ്രവണതയായി ഉയർന്നുവന്നിട്ടുണ്ട്, ടെലികോം റെഗുലേറ്റർ ഡാറ്റ പ്രകാരം നിലവിൽ 1.16 ബില്യണിലധികം മൊബൈൽ കണക്ഷനുകൾ ഇന്ത്യയിൽ ഉണ്ട്.

TAGS :

Next Story