പേവിഷ ബാധയുള്ള പശുവിന്‍റെ പാൽ കുടിച്ചാൽ റാബിസ് പകരുമോ?
170-ലധികം ഗ്രാമീണർക്ക് ഇതുവരെ റാബിസ് പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) വാക്സിൻ ആദ്യ ഡോസ് എടുത്തിട്ടുണ്ട്

ഗൊരഖ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ഒരു ഗ്രാമത്തിൽ പേവിഷബാധയേറ്റ് ഒരു പശു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിരുന്നു. ഗ്രാമത്തിൽ നടന്ന മതപരമായ ചടങ്ങിനിടെ പഞ്ചാമൃതം തയ്യാറാക്കാൻ ഈ പശുവിന്‍റെ പാൽ ഉപയോഗിച്ചിരുന്നു. ഏകദേശം 200 ഗ്രാമവാസികൾ പഞ്ചാമൃതം കഴിച്ചു. ഇതോടെ എല്ലാവരും ഉടൻ തന്നെ റാബിസ് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ആരോഗ്യ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ് .
പശുവിനെ മൂന്ന് മാസം മുമ്പ് ഒരു തെരുവ് നായ കടിച്ചിരുന്നു.170-ലധികം ഗ്രാമീണർക്ക് ഇതുവരെ റാബിസ് പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) വാക്സിൻ ആദ്യ ഡോസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഗ്രേറ്റർ നോയിഡയിൽ ഒരു സ്ത്രീ പേവിഷ ബാധയേറ്റ പശുവിന്‍റെ പാൽ കുടിച്ചതിനെ തുടർന്ന് റാബിസ് ബാധിച്ച് മരിച്ചതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഈ സംഭവം. എന്നാൽ സ്ത്രീ കഴിച്ച പാൽ പാസ്ചറൈസ് ചെയ്തതാണോ അതോ തിളപ്പിക്കാത്ത പാലാണോ എന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടില്ല. പാലിൽ നിന്നാണ് സ്ത്രീക്ക് റാബിസ് വൈറസ് ബാധിച്ചതെന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ഔദ്യോഗിക സ്ഥിരീകരണമോ മെഡിക്കൽ സാക്ഷ്യമോ ഉണ്ടായിരുന്നില്ല.
പേവിഷബാധയേറ്റ പശുവിൽ നിന്നും റാബിസ് പകരുമോ എന്നത് മെഡിക്കൽ വിദഗ്ധർക്കിടയിൽ ഇപ്പോഴും ചർച്ചാ വിഷയമാണ്. കേന്ദ്രസര്‍ക്കാരിന്‍റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) പ്രകാരം, രോഗബാധിതമായ ഒരു മൃഗത്തിന്‍റെ പാലോ പാലുൽപ്പന്നങ്ങളോ കഴിക്കുന്നതിലൂടെ റാബിസ് പടരുമെന്ന് സ്ഥിരീകരിക്കുന്നതിന് ശക്തമായ ലബോറട്ടറി അല്ലെങ്കിൽ എപ്പിഡെമോളജിക്കൽ തെളിവുകൾ ഇല്ല. അതിനാൽ, അത്തരം സന്ദർഭങ്ങളിൽ പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (പിഇപി) സാധാരണയായി ശിപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, ചില മുൻകാല പഠനങ്ങളും അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളും സൂചിപ്പിക്കുന്നത് അപകടസാധ്യത വളരെ കുറവാണെങ്കിലും, അത് പൂർണമായും തള്ളിക്കളയാൻ കഴിയില്ല എന്നാണ്.
രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള പാസ്ചറൈസ് ചെയ്യാത്ത പാൽ കഴിക്കുന്നതിലൂടെ റാബിസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സെന്‍റഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1999-ൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സമയത്ത്, 1990 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രതിവർഷം ശരാശരി 150 കന്നുകാലികൾക്ക് റാബിസ് ബാധിച്ചതായി ഡിസിസി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ പാലുൽപ്പന്നങ്ങളും പാസ്ച്റൈസ് ചെയ്ത് ഉപയോഗിച്ചാൽ പാൽ വഴി പേവിഷം പകരുന്നത് തടയാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. 1999ലെ സിഡിസി റിപ്പോർട്ട് അനുസരിച്ച് പാസ്ചറൈസ് ചെയ്യാത്ത പാലിലൂടെ റാബിസ് പകരാനുള്ള സാധ്യത ഉണ്ടെങ്കിലും ഇതുവരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
റാബിസ് അണുബാധ എങ്ങനെ തടയാം
- പാലിലൂടെ പേവിഷബാധ പടരുമെന്ന് സ്ഥിരീകരിക്കുന്നതിന് ശക്തമായ തെളിവുകളൊന്നുമില്ലെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
- അസംസ്കൃത അല്ലെങ്കിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ കഴിക്കുന്നത് ഒഴിവാക്കുക
- വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുക
- അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ വൈദ്യസഹായം തേടുക
- പേവിഷബാധയുണ്ടാകാൻ സാധ്യതയുള്ള മൃഗവുമായി സമ്പർക്കം പുലർത്തിയാൽ, വൈറസ് പടരുന്നത് തടയാൻ കഴിയുന്ന പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) ചികിത്സ ഉടൻ ചെയ്യുക
Adjust Story Font
16

